മകന്‍റെ മരണമറിയാതെ അച്ഛനും യാത്രയായി; കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ദാർഥയുടെ പിതാവ് അന്തരിച്ചു

മകന്‍റെ മരണമറിയാതെ അച്ഛനും യാത്രയായി; കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ദാർഥയുടെ പിതാവ് അന്തരിച്ചു


ബെംഗളൂരു: കഫെ കോഫി ഡേയുടെ സ്ഥാപകൻ വി.ജി സിദ്ധാർത്ഥ അന്തരിച്ച് ദിവസങ്ങൾക്കകം അദ്ദേഹത്തിന്‍റെ പിതാവും അന്തരിച്ചു. 96 കാരനായ ഗംഗയ്യ ഹെഗ്‌ഡെ ഇന്നലെ  വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഒരു മാസം മുമ്പ് മൈസൂരുവിലെ ഗോപാലഗൗഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അബോധാവസ്ഥയിലായതിനാൽ മകൻ സിദ്ദാർഥയുടെ മരണവിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല.

ജൂലൈ 29 ന് കാണാതായ വി ജി സിദ്ധാർത്ഥയെ രണ്ട് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേത്രാവതി നദിയിൽനിന്നാണ് സിദ്ദാർഥയുടെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ അവസാന ആഴ്ച സിദ്ധാർത്ഥ പിതാവിനെ ആശുപത്രിയിൽ വന്ന് കണ്ടിരുന്നു. അച്ഛന്‍റെ മോശം ആരോഗ്യസ്ഥിതിയിൽ സിദ്ദാർഥ അതീവ ദുഃഖിതനായിരുന്നുവെന്ന് അന്ന് ആശുപത്രിയിലുണ്ടായിരുന്ന കുടുംബാംഗം പറയുന്നു.
ചിക്മഗളൂരു ജില്ലയിലെ അറിയപ്പെടുന്ന കോഫി പ്ലാന്‍ററായിരുന്നു ഗംഗയ്യ ഹെഗ്ഡെ.
ഹെഗ്ഡെയുടെ മൃതദേഹം മൈസൂരുവിൽ നിന്ന് ചിക്കമംഗലൂരുവിലേക്ക് കൊണ്ടുപോകും. സിദ്ദാർഥയുടെ മൃതദേഹം സംസ്‌കരിച്ച ചേതനഹള്ളി എസ്റ്റേറ്റിൽത്തന്നെ പിതാവ് ഗംഗയ്യ ഹെഗ്ഡെയുടെ സംസ്ക്കാരവും നടക്കും.

Post a Comment

0 Comments