ലാഹോർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പുതിയ ടോസ് രീതി നടപ്പാക്കാൻ പാക് ക്രിക്കറ്റ് ബോർഡ്. ക്വയ്ദ്-ഇ-ആസാം ട്രോഫിയിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളി 'No-toss Start' എന്ന സമ്പ്രദായം ആദ്യമായി പരീക്ഷിക്കുന്നത്. ഇതനുസരിച്ച് സന്ദർശക ടീമിന് ടോസ് സംബന്ധിച്ച തീരുമാനമെടുക്കാം. സന്ദർശക ടീമിന് ആദ്യം ബൌൾ ചെയ്യാൻ താൽപര്യമില്ലെങ്കിൽ മാത്രം ടോസ് ഇടാമെന്നതാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.
“എന്നാൽ ഇരുടീമുകളും ആദ്യം ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ടോസ് സംബന്ധിച്ച തീരുമാനം മാച്ച് റഫറിക്ക് കൈക്കൊള്ളാം” പാക് ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പരമ്പരാഗത ടോസ് ഫോർമാറ്റ് ഉപയോഗിച്ചായിരിക്കും പാക് ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന, ടി 20 ടൂർണമെന്റുകൾ തുടർന്നും നടത്തുകയെന്ന് പിസിബി അറിയിച്ചു.
പിസിബി സിഇഒ വസീം ഖാനാണ് ഈ ആശയം മുന്നോട്ട് വച്ചത്. ഇതിനോട് ബോർഡിന്റെ മറ്റ് ഉദ്യോഗസ്ഥർ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. പുതിയ ടോസ് സമ്പ്രദായം പരീക്ഷിക്കുന്ന പ്രീമിയർ ക്വെയ്ദ്-ഇ-ആസാം ട്രോഫി മത്സരങ്ങൾ സെപ്റ്റംബർ 12 മുതൽ ആരംഭിക്കും.
0 Comments