മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പ് നവംബറിലാകാന്‍ സാധ്യതയെന്ന് ടിക്കാറാം മീണ

മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പ് നവംബറിലാകാന്‍ സാധ്യതയെന്ന് ടിക്കാറാം മീണ

കാസര്‍കോട് : മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് സൂചന. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം സൂചിപ്പിച്ചത്. മഞ്ചേശ്വരം മണ്ഡലവുമായി ന്ധപ്പെട്ട തിരഞ്ഞെടുപ്പ് കേസ് തീര്‍ന്നത് ജൂണിലാണ് അതിനാലാണ് ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുക. മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളില്‍ ഒക്ടോബറില്‍ പ്രഖ്യാപനം വരാനാണ് സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു.

സീറ്റ് ഒഴിവുവന്ന് 6 മാസത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടമെങ്കിലും മഞ്ചേശ്വരത്തിന്റെ കാര്യം വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബറിലാണ് മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.ബി.അബ്ദുള്‍ റസാഖ് മരിച്ചത്. പക്ഷേ ആ തീയതി കണക്കാക്കി ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ മാസത്തില്‍ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് കോടതി വിധി വന്നു. ഇതിനുശേഷമുള്ള സമയമേ തിരഞ്ഞെടുപ്പിനായി പരിഗണിക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി നിര്‍ദേശം അനുസരിച്ച് 42,000രൂപ സുരേന്ദ്രന്‍ അടയ്ക്കണം. വോട്ടിങ് മെഷിനുകള്‍ മഞ്ചേശ്വരത്തുനിന്ന് പരിശോധനയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്നതിനാണ് ഈ തുക അടയ്‌ക്കേണ്ടത്. കുറച്ച് പൈസ അടയ്ക്കാന്‍  ബാക്കിയുണ്ട്. അതിലെ സാങ്കേതിക തടസം ബാക്കിയുണ്ടെന്നും ടിക്കറാം മീണ പറഞ്ഞു.

Post a Comment

0 Comments