പാക് പരിശീലനം നേടിയ കമാൻഡോകൾ ഗുജറാത്തിലെ കച്ച് മേഖലയിലേക്ക് കടന്നതായി സൂചന. ഇവർ കടൽമാർഗം ഗുജറാത്ത് തീരത്തേക്ക് എത്തിയതായാണ് വിവരം. ഇതേ തുടർന്ന് ഗുജറാത്ത് തീരത്ത് കർശന സുരക്ഷ ഏർപ്പെടുത്തി. ബിഎസ്എഫിനും കോസ്റ്റ്ഗാർഡിനും പുറമേ സിഐഎസ്എഫും കസ്റ്റംസും മറൈൻ പൊലീസും സംയുക്തമായി കടലിൽ പട്രോളിങ് നടത്തുന്നുണ്ട്. കാണ്ട്‌ല തുറമുഖത്തിന് സമീപമുള്ള എല്ലാ കപ്പലുകളിലും ബോട്ടുകളിലും പരിശോധന തുടരുകയാണ്.പാക് പരിശീലനം നേടിയ കമാൻഡോകൾ കടൽമാർഗം ചെറിയ ബോട്ടുകളിൽ ഗുജറാത്തിലേക്ക് എത്തിയതായാണ്
ഇന്റലിജൻസ് മുന്നറിയിപ്പ്.
ഇന്ത്യയുമായി ഉടൻ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് ഇന്നലെ പറഞ്ഞിരുന്നു. വരുന്ന ഒക്ടോബറിലോ അതു കഴിഞ്ഞു വരുന്ന മാസങ്ങളിലോ ഇന്ത്യയുമായി വലിയ യുദ്ധമുണ്ടാകുമെന്ന് റഷീദ് അഹമ്മദ് പ്രസ്താവന നടത്തിയതായി പാക് മാധ്യമങ്ങളെ ഉദ്ദരിച്ച് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം പാകിസ്താൻ ഇന്നലെ രാത്രി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിട്ടുണ്ട്. 290 കിലോമീറ്റർ പരിധിയുള്ള ഗസ്നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മിസൈൽ പാകിസ്താൻ പരീക്ഷിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
0 Comments