മുനിസിപ്പല്‍ സ്റ്റേഡിയം ജോലിക്കായി ഇറക്കിയ മൂന്നരലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Thursday, August 29, 2019
കാസര്‍കോട്: മുനിസിപ്പല്‍ സ്റ്റേഡിയം സ്‌ക്വയറിന്റെ പ്രവര്‍ത്തികള്‍ക്കായി ഇറക്കിയ മൂന്നരലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചെര്‍ക്കള ഇന്ദിരാനഗറിലെ ശരീഫ് (20), ചെട്ടുംകുഴിയിലെ മുസ്തഫ (20) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതി പെരുമ്പള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഷ്‌ക്കര്‍, മൊയ്തീന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെ പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ പിടികൂടിയാല്‍ മാത്രമേ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കാറില്‍ പെട്രോള്‍ അടിച്ചുതരാമെന്നും ഒരിടം വരെ പോകാനുണ്ടെന്നും പറഞ്ഞ് അഷ്‌ക്കര്‍ തന്നെ കൂട്ടിക്കൊണ്ടുപോയതാണെന്നും കവര്‍ച്ചയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് മുസ്തഫ പോലീസിനോട് വെളിപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ നടത്തുന്ന മുനിസിപ്പല്‍ സ്റ്റേഡിയം സ്‌ക്വയറിന്റെ വികസന പ്രവര്‍ത്തികള്‍ക്കായി ഇറക്കിയ നാല് ആബ്ലിഫെയര്‍, 10 ഫോക്കസ് ലൈറ്റ്, 60 വാച്ച്, ആറ് കളര്‍ ലൈറ്റ്, ഒരു ടണ്‍ നട്ടും ബോള്‍ട്ടും എന്നിവ മോഷ്ടിച്ചുകടത്തിയത്. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത അബ്ദുല്‍ മജീദ് എരിയാല്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വടകര വില്യാപ്പള്ളി നിന്നും മൂന്ന് ആംബ്ലിഫെയറുകള്‍ വില്‍പന നടത്തിയതായി കണ്ടെത്തി. 70,000 രൂപയ്ക്കാണ് വില്‍പന നടത്തിയത്. മറ്റു ലൈറ്റുകള്‍ കാസര്‍കോട്ടെ ലൈറ്റ് ആന്‍ഡ് സൗണ്ട് കടയില്‍ സൂക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസ്, ബൈജു, രാജേഷ്, ഓസ്റ്റിന്‍ തമ്പി, പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments