പതിനാലുകാരിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

പതിനാലുകാരിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു



കാസര്‍കോട്: മടിക്കേരി സ്വദേശിനി സഫിയ (14)യയെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ  കരാറുകാരന്‍ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ സി ഹംസ (52) യുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയ്ക്ക് (37) വിധിച്ച മൂന്ന് വര്‍ഷം വെറും തടവും, നാലാം പ്രതിയും ഹംസയുടെ ഭാര്യാ സഹോദരനുമായ കുമ്പള ആരിക്കാടിയിയെ എം  അബ്ദുല്ല (58) യ്ക്ക് വിധിച്ച മൂന്ന് വര്‍ഷം കഠിന തടവും ജസ്റ്റിസുമാരായ എ എം ശഫീഖ്, എന്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് റദ്ദാക്കി.

2015 ല്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം ജെ ശക്തിധരനാണ് ഹംസയ്ക്ക് വധശിക്ഷയും, മൈമൂനയ്ക്ക് മൂന്ന് വര്‍ഷം വെറും തടവും, അബ്ദുല്ലയ്ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കിയത്. ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയസാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയിക്കപ്പെട്ട് കോടതിയില്‍ വിധി പറയുന്ന കേരളത്തിലെ രണ്ടാമത്തെ കേസായിരുന്നു സഫിയ കേസ്. നേരത്തെ കേസിലെ രണ്ടാം പ്രതിയും സഫിയയെ ജോലിക്കെത്തിച്ച ഇടനിലക്കാരനുമായ ദൊഡ്ഡപ്പള്ളി മൊയ്തു ഹാജി, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഞ്ചാം പ്രതിയും ആദൂര്‍ എഎസ്‌ഐയുമായിരുന്ന ഉദുമ ബാരയിലെ ടി എ ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയയെ 2006 ഡിസംബറിലാണ് കാണാതായത്.  ഒന്നരവര്‍ഷത്തിനു ശേഷം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിഞ്ഞത്. 2008 ജൂലൈ ഒന്നിനാണ് കേസിലെ ഒന്നാം പ്രതി ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലൈ ആറിന് ഗോവയില്‍ നിന്ന് സഫിയയുടെ അസ്ഥികൂടം കുഴിച്ചെടുക്കുകയായിരുന്നു.

Post a Comment

0 Comments