കാസർകോട്: ഓണക്കാലത്ത് പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സബ്‌സിഡിയോടെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നു. കാസര്‍കോട് സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ ഒരു ജില്ലാതല ഓണം ഫെയറും രണ്ട് താലൂക്ക് തല ഓണം ഫെയറുകളും നടത്തും. കാസര്‍കോട് എംജി റോഡില്‍ ചക്കരബസാര്‍ പരിസരത്ത് വി പി ടവറില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഫെയര്‍ നാളെ (സെപ്തംബര്‍ 1) രാവിലെ 11ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യാതിഥികളാവും.
ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലുകള്‍ നടത്തി അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ഗുണമേന്മയോടെ കൃത്യമായ അളവില്‍ ഒരുകുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ പത്തുവരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
കാസര്‍കോട് താലൂക്ക് തല ഓണം ഫെയര്‍ കുറ്റിക്കോലില്‍ സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കുമ്പള സപ്ലൈകോ മാവേലി സ്റ്റോറിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മഞ്ചേശ്വരം താലൂക്ക്തല ഓണം ഫെയര്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 10.30ന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി അധ്യക്ഷത വഹിക്കും.
0 Comments