വ്യാഴാഴ്‌ച, ഫെബ്രുവരി 26, 2026



കാസര്‍കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആലംപാടി നാല്‍ത്തടുക്ക സ്വദേശിനി നബീസത്ത് ജസീല(24)യുടെ മരണവുമായി ബന്ധപ്പെട്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബൈജുനാഥ് ഉത്തരവിട്ടു. മാര്‍ച്ചില്‍ കാസര്‍കോട്ട് നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കും. ഭര്‍ത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിന് സമീപത്തെ വീട്ടില്‍ നിന്നും ഒമ്പതര പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ നബീസത്ത് ജസീലക്കെതിരെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസീലയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഭര്‍തൃവീട്ടുകാരും അയല്‍വാസികളും ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും ഇതില്‍ മനംനൊന്ത് ഫെബ്രുവരി 15ന് യുവതി താന്‍ സ്വര്‍ണ്ണം മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം എലിവിഷം കഴിക്കുകയുമായിരുന്നു. ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതി മരിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ