ശ്രീറാം കേസില്‍ നുണക്കഥ പൊളിഞ്ഞു; സിസി. ക്യാമറ പ്രവര്‍ത്തിച്ചിരുന്നു

ശ്രീറാം കേസില്‍ നുണക്കഥ പൊളിഞ്ഞു; സിസി. ക്യാമറ പ്രവര്‍ത്തിച്ചിരുന്നു



തിരുവനന്തപുരം: ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ നുണക്കഥ പൊളിഞ്ഞു. അപകടസ്‌ഥലത്തെ സിസി. ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പോലീസ്‌ വാദം. എന്നാല്‍, അപകടം നടന്നതിനു സമീപം മ്യൂസിയം പരിസരത്ത്‌ ഉള്‍പ്പെടെയുള്ള സി.സി. ടിവി ക്യാമറകളെല്ലാം പ്രവര്‍ത്തനക്ഷമമായിരുന്നെന്നു പോലീസ്‌തന്നെ നല്‍കിയ വിവരാവകാശരേഖ വ്യക്‌തമാക്കുന്നു.
കഴിഞ്ഞമാസം മൂന്നിനു പുലര്‍ച്ചെ ഒന്നിനാണു മ്യൂസിയത്തിനു സമീപം പബ്ലിക്‌ ഓഫീസിനു മുന്നില്‍ ശ്രീറാം അമിതവേഗത്തിലോടിച്ച കാറിടിച്ച്‌ ബഷീര്‍ മരിച്ചത്‌. കാറിന്റെ വേഗം ഉള്‍പ്പെടെ, അപകടം സംബന്ധിച്ച വ്യക്‌തതയ്‌ക്കായി സിസി. ടിവി ക്യാമറകള്‍ പരിശോധിക്കണമെന്നു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ആ സമയത്ത്‌ അവ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്നാണു പോലീസ്‌ പറഞ്ഞത്‌. ഇതു തെറ്റാണെന്നു തെളിയിക്കുന്നതാണ്‌ വിവരാവകാശരേഖ. അപകടം നടന്ന സമയത്തു ക്യാമറ കേടായിരുന്നെന്നും അതിപ്പോള്‍ പരിഹരിച്ചെന്നുമാണു പോലീസ്‌ ഭാഷ്യം. എന്നാല്‍ മ്യൂസിയം റോഡ്‌, രാജ്‌ഭവന്‍ ഭാഗങ്ങളില്‍ പോലീസിന്റെ സി.സി. ടിവി ക്യാമറകള്‍ അപകടദിവസം പ്രവര്‍ത്തനക്ഷമമായിരുന്നെന്നും വെള്ളയമ്പലം ഭാഗത്തെ ക്യാമറ മാത്രമാണു തകരാറിലായിരുന്നതെന്നും വിവരാവകാശരേഖ വ്യക്‌തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ആകെ 233 ക്യാമറകളുള്ളതില്‍ 144 എണ്ണമാണു പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ ഉള്‍പ്പെടുന്നതാണു മ്യൂസിയം, രാജ്‌ഭവന്‍ ഭാഗങ്ങളിലെ ക്യാമറകളെന്നും പോലീസ്‌ നല്‍കിയ മറുപടിയില്‍നിന്നു വ്യക്‌തം.

Post a Comment

0 Comments