പയ്യന്നൂര്‍: പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂരിലേക്ക് കൊണ്ടുവരുന്ന വന്‍തോതില്‍ മായം ചേര്‍ത്ത പാല്‍ പിടികൂടിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതാശന്‍ പാച്ചേനി. ക്ഷീര വികസന വകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ നിന്നും മായം ചേര്‍ത്ത പാല്‍ പിടികൂടിയത് ദൃശ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പൊള്ളാച്ചിയില്‍ നിന്നും പയ്യന്നൂര്‍ ജനത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൊസൈറ്റിയിലേക്കാണ് മായം ചേര്‍ത്ത പാല്‍ എത്തിക്കുന്നത് എന്നത് ഏറെ ഗൗരവമുള്ള സംഭവമാണ്.
ദീര്‍ഘകാലമായി പാക്കറ്റ് പാലും മറ്റ് പാലുല്‍പ്പന്നങ്ങളും വില്പന നടത്തുന്ന ഒരു സ്ഥാപനം ഓണ വിപണി ലക്ഷ്യമിട്ട് മായം ചേര്‍ത്ത പാല്‍ വിതരണം ചെയ്യാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 12,000 ത്തിലധികം ലിറ്റര്‍ പാലില്‍ ആരോഗ്യത്തിന് ഹാനികരമായ മല്‍ട്രോ ട്രെക്‌സ് എന്ന രാസവസ്തു ചേര്‍ത്ത് ദീര്‍ഘനാള്‍ കേടു കൂടാതെയും കൊഴുപ്പ് കൂട്ടിയും വില്പനക്ക് പാല്‍ നല്കുന്നതിന് വേണ്ടി കൊണ്ടുവരുന്നത് പിടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ മായം ചേര്‍ത്ത പാല്‍ ഈ ഓണക്കാലത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുമായിരുന്നു. പാലക്കാട് മീനാക്ഷിപുരത്തെ ക്ഷീര വികസന വകുപ്പ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ത്തിയ പാലാണെന്ന് കണ്ടെത്തിയിട്ടുള്ളതും തുടര്‍ന്ന് വീണ്ടും രണ്ട് ഘട്ടങ്ങളിലായി നടത്തിയ പാല്‍ ഗുണനിലവാര പരിശോധനയിലും മായം കലര്‍ന്നതായി കണ്ടെത്തുകയുമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്നത്.
പാലിലെ ഖര പദാര്‍ത്ഥങ്ങളുടെ അളവ് കൃത്രിമമായി കൂട്ടുന്നതിനും കൂടി ലക്ഷ്യമിട്ട് മല്‍ട്രോട്രെക്‌സ് ചേര്‍ത്ത് വില്പന നടത്തുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ചാരിറ്റബിള്‍ സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്തിനാണ് ഇത്തരത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മായം ചേര്‍ത്ത പാല്‍ പയ്യന്നൂരിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാക്കണം. തിരുവനന്തപുരത്തെ സംസ്ഥാന ഡയറി ലാബിലേക്കും പിടിച്ചെടുത്ത പാലിന്റെ സാമ്പിള്‍ അയച്ചിട്ടുള്ള സ്ഥിതിക്ക് ഇത്തരം സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണക്കാലമായതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ പാല്‍ എത്തുന്ന സാഹചര്യത്തില്‍ പാല്‍ ഗുണനിലവാര പരിശോധന കൂടുതല്‍ ശക്തമാക്കാനും ഗോപാലപുരം, വാളയാര്‍, ഗോവിന്ദപുരം, ചെമ്മണാംപതി തുടങ്ങിയ ചെക്ക് പോസ്റ്റികളിലൂടെ എത്തുന്ന പാലുകള്‍ പരിശോധിക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടികളും സ്വീകരിക്കണമെന്ന് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
0 Comments