മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സർക്കാർ നടപടി തുടങ്ങി; കളക്ടർക്കും നഗരസഭയ്ക്കും നോട്ടീസ്

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സർക്കാർ നടപടി തുടങ്ങി; കളക്ടർക്കും നഗരസഭയ്ക്കും നോട്ടീസ്



സുപ്രിം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. സുപ്രിം കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മരടിൽ അനധികൃമായി നിർമിച്ച ഫ്ളാറ്റുകൾ ഈ മാസം ഇരുപതിനകം പൊളിച്ചുനീക്കണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു.  ഇതേ തുടർന്നാണ് സർക്കാർ ഫ്ളാറ്റുകൾ പൊളിച്ചു നീക്കുന്നതിന് നടപടികളാരംഭിച്ചത്.

അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നുമാണ് കളക്ടർക്കും നഗരസഭയ്ക്കും നോട്ടീസ് നൽകിയിരിക്കുന്നത്. അതേ സമയം ഒറ്റയ്ക്ക് ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനാകില്ലെന്നാണ് മരട് നഗരസഭയുടെ നിലപാട്. ഇത്രയും ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിൽ പരിമിതികളുണ്ടെന്നും കളക്ടറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മരട് നഗരസഭാ കൗൺസിൽ ഇന്ന് പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാനസർക്കാരിന് കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി അന്ത്യശാസനം നൽകിയത്. ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിന് സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.

വിധി നടപ്പാക്കാൻ വൈകിയതിൽ ചീഫ് സെക്രട്ടറി ഈ മാസം ഇരുപത്തിമൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. കഴിഞ്ഞ മെയ് എട്ടിനാണ് മരടിലെ അഞ്ച് ഫ്ളാറ്റുകൾ  പൊളിച്ചു നീക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത് എന്നാൽ ഉത്തരവിട്ട് നാല് മാസമാകുമ്പോഴും കോടതി വിധി നടപ്പാക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസ് പരിഗണിച്ച് സുപ്രിം കോടതി അന്ത്യശാസനം നൽകിയത്.

പരിസ്ഥിതി ആഘാത പഠനം തുടരുകയാണെന്നും സാവകാശം വേണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധി ഈ മാസം ഇരുപതിനകം നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി വിധികൾ നടപ്പാക്കാൻ കേരളം നിരന്തരം വീഴ്ച വരുത്തുന്നുവെന്ന് ജസ്റ്റിസ് അരുൺ മിശ്ര വിമർശിക്കുകയും ചെയ്തു. മരടിലെ ഹോളി ഫെയ്ത്ത് അപ്പാർട്‌മെന്റ്‌സ്, കായലോരം അപ്പാർട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെഞ്ചേഴ്‌സ് എന്നിവയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചു നീക്കേണ്ടത്.

Post a Comment

0 Comments