'പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ചന്ദ്രനിൽ ഫാക്ടറി നിർമിക്കും, ഹീലിയം -3 ഭൂമിയിലെത്തിക്കും'

'പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ചന്ദ്രനിൽ ഫാക്ടറി നിർമിക്കും, ഹീലിയം -3 ഭൂമിയിലെത്തിക്കും'

ന്യൂഡൽഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ചന്ദ്രോപരിതലത്തില്‍ ആസ്ഥാനം നിര്‍മിക്കാന്‍ സാധിക്കുമെന്നും ഹീലിയം-3 വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്കയക്കുമെന്നും മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞൻ എ ശിവതാണുപിള്ള. ദൂര്‍ദര്‍ശന്‍ വാർത്താ ചാനലിന്റെ 'വാര്‍ ആൻഡ് പീസ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ സ്വന്തമാക്കിയ നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഡിആര്‍ഡിഓയുടെ ബ്രഹ്മോസ് മിസൈല്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത് ശിവതാണുപിള്ളയായിരുന്നു.

അമൂല്യമായ അസംസ്‌കൃത വസ്തുക്കളും ഹീലിയം-3യും വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്കെത്തിക്കാന്‍ ചന്ദ്രനില്‍ ഒരു ഫാക്ടറി കെട്ടിപ്പടുക്കാനും ഇന്ത്യക്ക് സാധിക്കും. ഭാവിയില്‍ ഊര്‍ജോല്‍പാദനത്തിനായി ഉപയോഗിക്കാനാവുന്ന പുതിയ വസ്തുവായിരിക്കും ഹീലിയം-3 എന്നും അദ്ദേഹം പറഞ്ഞു. യുറേനിയത്തേക്കാള്‍ നൂറിരട്ടി അധികം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള നോണ്‍ റേഡിയോ ആക്റ്റീവ് പദാർത്ഥമാണ് ഹീലിയം-3.

സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രമായും ചന്ദ്രനിലെ ഇന്ത്യയുടെ ആസ്ഥാനം മാറുമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയും റഷ്യയും ചൈനയും ചന്ദ്രനില്‍ ആസ്ഥാനം നിര്‍മിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട് സ്വാഭാവികമായും ഇന്ത്യയും പിന്നാലെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments