വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി




തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് മത്സരിക്കും. ഇക്കാര്യം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ റിപ്പോര്‍ട്ട് ചെയ്തു.സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമാണ് പ്രശാന്തിന് അനുകൂലമായത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും തുടര്‍ന്ന് നടക്കുന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്ക് വരും. 27ന് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ അംഗീകാരം ഉണ്ടാകും.

സി.പി.എമ്മിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. ഏറെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കപ്പെടുന്ന മണ്ഡലത്തില്‍ പ്രശാന്തിനെ പോലെ യുവ നേതാവിനെ തന്നെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്. 2011 മുതല്‍ സി.പി.എമ്മിന് തിരിച്ചടി മാത്രമാണ് വട്ടിയൂര്‍ക്കാവില്‍ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ 24 നഗരസഭാ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2015 മുതല്‍ കോര്‍പറേഷന്‍ മേയര്‍ ആണ് പ്രശാന്ത്. മേയര്‍ എന്ന നിലയില്‍ പ്രശാന്ത് കോര്‍പറേഷനില്‍ നടത്തിയ ഇടപെടലുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേടിയ മേല്‍ക്കൈയും വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിന്.

അതിനിടെ, കോണ്‍ഗ്രസിലെ സ്ഥനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നാടകീയ രംഗങ്ങളാണ് രാവിലെ അരങ്ങേറിയത്. പീതാംബരകുറുപ്പിനെ സ്ഥനാര്‍ത്ഥിയാക്കുന്നതില്‍ കെ.പി.സി.സി ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധം ഉയര്‍ന്നു. പ്രാദേശിക നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോടും കെ.സുധാകരനോടും പ്രതിഷേധം അറിയിച്ചു. മാധ്യമങ്ങള്‍ക്കു മുന്നിലും പ്രാദേശിക നേതാക്കള്‍ പരാതി ആവര്‍ത്തിച്ചു. കുറുപ്പ് വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചാല്‍ വിജയിക്കില്ലെന്നാണ് പ്രദേശിക നേതാക്കളുടെ ആരോപണം.

Post a Comment

0 Comments