കാഞ്ഞങ്ങാട്: ഉപ്പുസത്യാഗ്രഹസമരത്തിലും ഗുരുവായൂർ സത്യാഗ്രഹസമരത്തിലും പങ്കെടുത്ത സമര വോളന്റിയർമാരിൽ അവസാനകണ്ണിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ. മാധവൻ (102) വിട ചൊല്ലിയിട്ട് ഇന്നേക്ക് മൂ്്്ന്ന്് വർഷം തികയുന്നു.
കാഞ്ഞങ്ങാട്ടെ പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടിൽ എ.സി.രാമൻ നായരുടെയും കൊഴുമ്മൽ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1915 ആഗസ്ത് 26-നാണ് കെ.മാധവൻ ജനിച്ചത്. ദേശീയപ്രസ്ഥാന സമരപോരാളികളായ എ.സി.കണ്ണൻ നായരുടെയും വിദ്വാൻ പി.കേളുനായരുടെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി 12-ാം വയസ്സിൽത്തന്നെ സമരരംഗത്തെത്തി. സൈമൺ കമ്മീഷൻ ബഹിഷ്‌കരണം, മദ്യവർജനം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. പയ്യന്നൂരിൽ 1928-ൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ നടന്ന നാലാം കോൺഗ്രസ് സമ്മേളനത്തിൽ വോളന്റിയറായി പ്രവർത്തിച്ചു. 1930-ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയിൽ അംഗമായി. 1931-ൽ ഗുരുവായൂർ സത്യാഗ്രഹസമരത്തിലും വോളന്റിയറായി. കോൺഗ്രസിന്റെ കാസർകോട് താലൂക്ക് സെക്രട്ടറി, കെ.പി.സി.സി. അംഗം, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ആദ്യത്തെ കാസർകോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കയ്യൂർ സമരം നടക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്നു. അന്ന് കാസർകോട് താലൂക്ക് എന്നാൽ ഇന്നത്തെ കാസർകോട് ജില്ലയാണ്. കാസർകോട്-മലബാർ സംയോജനം, കാസർകോട്-മലബാർ സമ്മേളനം, ഐക്യകേരള പ്രക്ഷോഭം എന്നീ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. കാസർകോടൻ ഗ്രാമങ്ങളിൽ കർഷകസംഘം രൂപവത്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു.
1957ലും 65-ലും ഹൊസ്ദുർഗിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ നിലയുറപ്പിച്ചു. 16 വർഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ൽ സി.പി.ഐ. വിട്ട് സി.പി.എമ്മിൽ ചേർന്നു. 96-ൽ സി.പി.എമ്മും വിട്ടു.
ജന്മിത്വ-നാടുവാഴിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കി. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണേശ്വരം നെല്ലെടുപ്പ് സമരം എന്നിവയ്ക്കും നേതൃത്വം കൊടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലും വെല്ലൂർ, കടല്ലൂർ ജയിലിലും വിവിധ ഘട്ടങ്ങളിലായി ശിക്ഷയനുഭവിച്ചു. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായിരുന്നു കെ.മാധവൻ. സ്വാതന്ത്ര്യസമര സേനാനികളായ എ.സി.കണ്ണൻനായർ, വിദ്വാൻ പി.കേളുനായർ, പിൽക്കാലത്ത് കെപി.സി. സി.പ്രസിഡന്റുകൂടിയായ കെ.ടി.കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരാണ് കെ.മാധവനെ ദേശിയപ്രസ്ഥാന ത്തിലെത്തിച്ചത്. 1928 ൽ പയ്യന്നുരിൽ നടന്ന നാലാം കോൺഗ്രസ് സമ്മേളനത്തിലാണ് കെ.മാധവൻ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ചത്.
കെ.മാധവന്റെ മൂന്നാം ചരമ വാർഷികം ഇന്ന് (25) ബുധനാഴ്ച കെ.മാധവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആചരിക്കും.  ഉച്ച തിരിഞ്ഞ് രണ്ടിന് ബല്ല ഈസ്റ്റ് ഗവ.ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനവും വടക്കേ മലബാറിലെ ദേശീയ പ്രസ്ഥാനവും കെ.മാധവനും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കേന്ദ്രസർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ജി.ഗോപകുമാർ നിർവ്വഹിക്കും.
 
0 Comments