
കാഞ്ഞങ്ങാട്: ലോക ഹൃദയദിനത്തിൽ കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് സംഘടിപ്പിച്ച സൈക്കിൾ റാലി ശ്രദ്ധേയമായി. ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് പെഡലേഴ്‌സ് കാസർകോട് ആണ് നേതൃത്വം നൽകിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തത്തിയ 35 പേരാണ് സൈക്ളോതോണിൽ പങ്കെടുത്തത്. പങ്കെടുക്കുന്നവരിൽ പലരും തലേദിവസം രാത്രിയും ഇന്നലെ പുലർച്ചയുമായി റൈഡ് ആരംഭിക്കുന്ന കാസർകോട് ജനറൽ ആശുപത്രി പരിസരത്ത് എത്തിച്ചേർന്നിരുന്നു. ജില്ല കലക്ടർ ഡി. സജിത്ത് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ഡോ.നാരായണ നായ്ക്,ഡോ.ജമാൽ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
പുതിയകോട്ട എൻ.എച്ച്.എം ഓഫീസ് പരിസരത്ത് റൈഡ് സമാപിച്ചു. രതീഷ് അമ്പലത്തറ, ഡോ.സുരാജ് നമ്പ്യാർ, ശറഫ് ചെർക്കള, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഹൃദയദിന പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ സബ് കലക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി.മനോജ് അധ്യക്ഷത വഹിച്ചു. സൈക്യാട്രിസ്റ്റ് ഡോ.ശ്രീജിത്ത് കൃഷ്ണൻ പ്രഭാഷണം നടത്തി. സൈക്ളോത്തോൺ കോ-ഓർഡിനേറ്റർ ടി.എം.സി.ഇബ്രാഹിം പ്രസംഗിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ്.വി.അരുൺലാൽ സ്വാഗതവും എസ്.സയന നന്ദിയും പറഞ്ഞു.
0 Comments