
ബേഡഡുക്ക: തിരിച്ചറിയാനാകാത്തതിനാല്‍ പോലീസ് മറവുചെയ്ത മൃതദേഹം 20 ദിവസങ്ങള്‍ക്കുശേഷം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കര്‍ണാടക സുള്ള്യ കസബ ജയനഗരയിലെ മൂസ മുസ്ലിയാറുടെ മകന്‍ കെ.എം.അബ്ദുള്ള മുസ്ലിയാരു(52)ടെ മൃതദേഹമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ (ആര്‍.ഡി.ഒ.) ഉത്തരവുപ്രകാരം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതല വഹിച്ച കാസര്‍കോട് തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ ബേഡകം പോലീസ് സി.ഐ ടി.ഉത്തംദാസ്, അഡീഷണല്‍ എസ്.ഐ. എ.പി.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് മൃതദേഹം പുറത്തെടുത്ത് വിട്ടുനല്‍കിയത്.
സെപ്റ്റംബര്‍ 10-ന് രാവിലെ പയസ്വിനി പുഴയോരത്ത് എരിഞ്ഞിപ്പുഴ വട്ടംതട്ട ഒളിയത്തടുക്കത്താണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. അഴുകിയനിലയിലായിരുന്നതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്കുശേഷം കുണ്ടംകുഴി പൊതുശ്മശാനത്തില്‍ മറവുചെയ്യുകയായിരുന്നു.
അതേസമയം സെപ്റ്റംബര്‍ അഞ്ചുമുതല്‍ കെ.എം.അബ്ദുള്ളയെ കാണാനില്ലെന്നുകാട്ടി 16-ന് ബന്ധുക്കള്‍ സുള്ള്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ദിവസങ്ങള്‍ക്കുമുന്‍പ് ബേഡകം പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. മൃതദേഹത്തില്‍നിന്ന് ലഭിച്ച വസ്ത്രങ്ങള്‍, അരയില്‍ കെട്ടിയിരുന്ന ഉറുക്ക്, മൃതദേഹത്തിന്റെ ഫോട്ടൊ എന്നിവകണ്ട് ഇവര്‍ക്ക് പൂര്‍ണമായും തിരിച്ചറിയാനായില്ല. എന്നാല്‍, ഉറുക്കിനുള്ളില്‍ എഴുതിയിരുന്ന സൂക്തം പരിശോധിച്ചതിനുശേഷം കെ.എം.അബ്ദുള്ളയുടെ
മകന്‍ മുഹമ്മദ് റഫീഖ്, സഹോദരങ്ങളായ കെ.എം.മുഹമ്മദ്, കെ.എം.മൊയ്ദീന്‍ എന്നിവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആചാരപ്രകാരം
സംസ്‌കരിക്കുന്നതിന് മൃതദേഹം വിട്ടുകിട്ടുന്നതിനായി ബന്ധുക്കള്‍ നിവേദനംനല്‍കി. തുടര്‍ന്നാണ് ഔദ്യോഗിക നടപടിയനുസരിച്ച് മൃതദേഹം പുറത്തെടുത്തത്.
0 Comments