
പാവറട്ടി എക്സൈസ് കസ്റ്റഡി മരണക്കേസില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ ഒളിവില്‍ തുടരുന്നു. ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലാത്ത കേസില്‍ എക്സൈസ് ഡ്രൈവര്‍ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
കുറ്റാരോപിതനായ സ്പെഷ്യല്‍ സ്‌ക്വാഡ് ഡ്രൈവര്‍ ശ്രീജിത്ത് ഇന്നലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. സംഭവത്തില്‍ ശ്രീജിത്തിന് നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍, വാഹനത്തില്‍ വച്ച് രഞ്ജിത്തിനെ മര്‍ദിച്ച എക്സൈസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. ഒരു ദിവസത്തെ സമയ പരിധി നല്‍കികൊണ്ട് കേസില്‍ കുറ്റാരോപിതരായ എട്ട് ഉദ്യോഗസ്ഥരോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശ്രീജിത്ത് അല്ലാതെ മറ്റെല്ലാവരും ഒളിവില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് എസിപി ബിജുഭാസ്‌കറിന്റെ വിശദീകരണം.
0 Comments