
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു ബി രൂപേഷ്, തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സുഷമ ഗൊഡ്‌ബൊലെ, ചെലവ് നിരീക്ഷകന്‍ കമല്‍ജിത്ത് കെ കമല്‍, കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, മംഗളൂരു എസിപി കോതന്ത റാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാസറഗോഡ് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ പതിവ് കുറ്റവാളികള്‍, ദീര്‍ഘകാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളിലെ കുറ്റവാളികള്‍, സജീവ അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ എന്നിവരുടെ വിവരങ്ങള്‍ ദക്ഷിണ കന്നഡയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് കൈമാറി. ഉപതെരഞ്ഞെടുപ്പില്‍ ഇത്തരം സാമൂഹിക വിരുദ്ധരുടെ ഭീഷണി ഇല്ലാതാക്കന്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ദക്ഷിണ കന്നഡ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.
ജില്ലാ ഭരണകൂടം അതിര്‍ത്തി പ്രദേശങ്ങളില്‍ നിയോഗിച്ച സായുധ പോലീസും വീഡിയോഗ്രാഫര്‍മാരുമടക്കമുള്ള സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ (എസ്എസ്ടി) സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ പരസ്പരം കൈമാറും. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരു ജില്ലകളില്‍ നിന്നുമുള്ളവരുടെ ജോയിന്റ് റെയ്ഡുകള്‍ നടത്തി വ്യാജമദ്യ നിര്‍മ്മാണവും കൈമാറ്റവും തടയും.
ഇരുജില്ലകളിലുമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ള നോണ്‍ ബെയ്‌ലബള്‍ വാറന്റുമായി (എന്‍ബിഡബ്ല്യു) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി കാസര്‍കോട് ഡിവൈഎസ്പി പി പി സദാന്ദന്‍, ദക്ഷിണ കന്നഡ എസിപി കോതന്ത റാം എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും പോലീസ് വകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തി യോജിച്ചു പ്രവര്‍ത്തിക്കും.
0 Comments