കൊണ്ടോട്ടി: കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ മുടിയുടെ സ്റ്റൈലിൽ സംശയം തോന്നിയപ്പോൾ വലയിലായത് ലക്ഷങ്ങൾ വിലയുള്ള ‘സ്വർണത്തലകൾ’. ഒരാൾ നെടുമ്പാശേരിയിലാണെങ്കിൽ മറ്റെയാൾ കുടുങ്ങിയത് കോഴിക്കോട് വിമാനത്താവളത്തിൽ. രണ്ടു പേരും മലപ്പുറം ജില്ലക്കാർ.
അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ‘തല’ വഴിയുള്ള സ്വർണക്കടത്ത് എങ്ങനെ തടയുമെന്ന തന്ത്രത്തിനായി തല പുകയ്ക്കുകയാണു കസ്റ്റംസ്. ലോഹപരിശോധിനി കവാടത്തിലൂടെ ‘ബീപ്’ ശബ്ദം കേൾപ്പിക്കാതെയാണു രണ്ടിടത്തും യാത്രക്കാർ പുറത്തുവന്നതെന്നാണു വിവരം.യന്ത്രസംവിധാനങ്ങളിൽ പിടിക്കപ്പെടാതിരിക്കാൻ സ്വർണം മിശ്രിതമാക്കി പ്രത്യേകം പാക്ക് ചെയ്തതാകാം കാരണം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
തലയുടെ മുകൾഭാഗത്തെ മുടി ഷേവ് ചെയ്തു മാറ്റിയാണ് സ്വർണമിശ്രിതം വച്ചിരുന്നത്. ഇതു കാണാതിരിക്കാൻ മുകളിൽ വിഗ്ഗും. ഇത്തരത്തിൽ കടത്തുന്ന സ്വർണം യന്ത്രസംവിധാനങ്ങളിൽ കുടുങ്ങിയില്ലെങ്കിൽ സ്വീകരിക്കേണ്ട മാർഗങ്ങൾ കസ്റ്റംസ് ശക്തമാക്കി. പ്രത്യേക നിരീക്ഷണവും രഹസ്യാന്വേഷണവും ഊർജിതപ്പെടുത്തിയിട്ടുണ്ട്. സംശയം തോന്നിയാൽ ഷൂസും സോക്സും അഴിപ്പിച്ചു നടത്തുന്ന പരിശോധനയ്ക്കൊപ്പം ഇനി യാത്രക്കാരന്റെ തലയിലും കസ്റ്റംസ് ‘കൈവയ്ക്കും’.
0 Comments