കല്ല്യോട്ട് ഇരട്ടക്കൊലക്കേസിന്റെ തുടര്‍ നടപടികള്‍ ജില്ലാ കോടതി അവസാനിപ്പിച്ചു; പതിനൊന്ന് പ്രതികളുടെ ജാമ്യഹരജി തള്ളി

കല്ല്യോട്ട് ഇരട്ടക്കൊലക്കേസിന്റെ തുടര്‍ നടപടികള്‍ ജില്ലാ കോടതി അവസാനിപ്പിച്ചു; പതിനൊന്ന് പ്രതികളുടെ ജാമ്യഹരജി തള്ളി


കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ തുടര്‍ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അവസാനിപ്പിച്ചു.തുടര്‍ന്ന് സി പി എം  മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ  പീതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.  ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സി ബി ഐ ഏറ്റെടുക്കുകയും കേസിന്റെ കുറ്റപത്രം അടക്കമുള്ള ഫയലുകള്‍ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കോടതി പ്രതികളുടെ ജാമ്യാപേക്ഷ  തള്ളിയത്. കേസിന്റെ മുഴുവന്‍ ഫയലുകളും എറണാകുളത്തെ സി ബി ഐ  കോടതിക്ക് കൈമാറിയതോടെ തുടര്‍നടപടികളെല്ലാം ജില്ലാ കോടതി അവസാനിപ്പിച്ചു. നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അടക്കമുള്ള രേഖകളാണ് സി ബി ഐക്ക് കൈമാറിയത്. ഇനി കേസിന്റെ വിചാരണ എറണാകുളം സി ബി ഐ  കോടതിയിലായിരിക്കും നടക്കുക.സി പി എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍, സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍ കുമാര്‍, അശ്വിന്‍ എന്ന അപ്പു, ആര്‍ ശ്രീരാഗ്, ജി ഗിജിന്‍, പ്രദീപ്, സുബീഷ്, മുരളി, മണി എന്നിവരാണ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഇവരെല്ലാം ഇപ്പോഴും റിമാന്‍ഡിലാണ്. കേസില്‍ മൊത്തം പതിനാല് പ്രതികളുണ്ട്. ഇവരില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.  ഇക്കഴിഞ്ഞ സെപ്തംബര്‍ 30നാണ് ഹൈക്കോടതി ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി സി ബി ഐ  അന്വേഷണത്തിന് ഉത്തരവിട്ടത്.

Post a Comment

0 Comments