ജനം ടി വി ക്യാമറാമാന്റെ വീടിന്‌ മുന്നില്‍ ബോംബ്‌ സ്‌ഫോടനം

ജനം ടി വി ക്യാമറാമാന്റെ വീടിന്‌ മുന്നില്‍ ബോംബ്‌ സ്‌ഫോടനം



പയ്യന്നൂര്‍: ജനം ടി വി ക്യാമറാമാന്റെ വീടിന്‌ മുന്നില്‍ ബോംബ്‌ സ്‌ഫോടനം. ഇന്നലെ രാത്രി 12 മണിയോടെ പയ്യന്നൂര്‍ മാത്തില്‍ ആലപ്പടമ്പിലാണ്‌ സംഭവം.ജനം ടി വി പയ്യന്നൂര്‍ മേഖല ക്യാമറാമാനും ബി ജെ പി പ്രവര്‍ത്തകനുമായ ശ്രീജയന്റെ ആലപ്പടമ്പിലുള്ള വീടിന്‌ മുന്നിലാണ്‌ ബോംബ്‌ സ്‌ഫോടനമുണ്ടായത്‌. വീടിന്‌ മുന്നിലെ റോഡില്‍ രണ്ട്‌ സ്റ്റീല്‍ ബോംബുകളാണ്‌ പൊട്ടിത്തെറിച്ചത്‌. എന്നാല്‍ ആളപായമില്ല. സ്‌ഫോടന ശബ്‌ദംകേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന്‌ പുറത്തേക്ക്‌ വന്ന്‌ നോക്കിയപ്പോള്‍ സ്ഥലത്ത്‌ നിന്നും ബൈക്കില്‍ രണ്ടുപേര്‍ പോകുന്നത്‌ കണ്ടതായി പറയുന്നു. സ്‌ഫോടന ശബ്‌ദം നാട്ടുകാരെയും അമ്പരപ്പിച്ചു. നിരവധി പേര്‍ സ്ഥലത്ത്‌ തടിച്ചു കൂടി. വിവരമറിഞ്ഞ്‌ പെരിങ്ങോം പൊലീസും, കണ്ണൂരില്‍ നിന്ന്‌ ബോംബ്‌ സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.ഉഗ്രമാരക ശേഷിയുള്ള ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്നാണ്‌ ബോംബ്‌ സ്‌ക്വാഡിന്റെ വിലയിരുത്തല്‍. ശ്രീജയനെ ഭയപ്പെടുത്താനാണ്‌ റോഡില്‍ ബോംബ്‌ പൊട്ടിച്ചതെന്നാണ്‌ പറയുന്നത്‌. പെരിങ്ങോം പൊലീസ്‌ കേസെടുത്തു. അതേസമയം ബോംബ്‌ സ്‌ഫോടനത്തിന്‌ പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന്‌ ബി ജെ പി ആരോപിച്ചു. കരുതിക്കൂട്ടി കുഴപ്പങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ ബി ജെ പി നേതാക്കള്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments