എം.എല്‍.എ.യുടെ പി.എ.യെ ചൊല്ലി ലീഗില്‍ തര്‍ക്കം; മണ്ഡലം കമ്മിറ്റി യോഗം വിളിച്ചു
Saturday, November 02, 2019
ഉപ്പള: എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയുടെ പി.എയെ ചൊല്ലി ലീഗില്‍ തര്‍ക്കം. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് ഉപ്പളയിലെ ലീഗ് ഓഫീസില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മണ്ഡലം കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചതായി അറിയുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന അഷ്‌റഫ് കൊടിയമ്മയുടെ പേരാണ് ചില മണ്ഡലം-ജില്ലാ നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖിന്റെ പി.എ. ആയിരുന്ന കോഴിക്കോട് സ്വദേശി അഹ്മദ് മാസ്റ്ററെ നിയമിക്കാനാണ് ചില ജില്ലാ നേതാക്കളുടെ താല്‍പര്യമത്രെ. തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നുള്ള ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നിരാകരിച്ചുവെന്നും അതിനാല്‍ എം.എല്‍.എ.യുടെ പി.എ. സ്ഥാനമെങ്കിലും മണ്ഡലത്തില്‍ നിന്നുള്ള ആള്‍ക്ക് കിട്ടണമെന്ന ഉറച്ച നിലപാടിലാണ് പല പ്രവര്‍ത്തകരും. തിരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ അഷ്‌റഫ് കൊടിയമ്മയുടെ പേരാണ് പലരും ഉയര്‍ത്തുന്നത്.
0 Comments