ശനിയാഴ്‌ച, നവംബർ 02, 2019

പൊലീസിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ യു.എ.പി.എയ്ക്ക് എതിരായ ഇടത് നിലപാട് സംശയിക്കപ്പെടുമെന്നും ബിനോയ് വിശ്വം.

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതുമായി ബന്ധപ്പെട്ട്  കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെത്തിലെന്ന് ഐ.ജി അശോക് യാദവ്.
പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും ഐ.ജി വ്യക്തമാക്കി.

സി.പി.എം പ്രവർത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പിൻവലിക്കില്ലെന്നു വ്യക്തമാക്കി ഐ.ജി രംഗത്തെത്തിയിരിക്കുന്നത്.

ഏത് സാഹചര്യത്തിലാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിശദീകരിക്കാൻ സംസ്ഥാന പൊലീസ് മേധവിയോടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാർഥിയായ അലന്‍ എസ്.എഫ്.ഐ അംഗമാണ്. താഹ സി.പി.എം പ്രവർത്തകനും. 

യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന്
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരിൽ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി ഇടതുപക്ഷ സര്‍ക്കാരിന് കളങ്കമാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എം.പിയും പ്രതികരിച്ചു. പൊലീസിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ യു.എ.പി.എയ്ക്ക് എതിരായ ഇടത് നിലപാട് സംശയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ