
ചിത്താരി : അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ 7 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഇക്ബാല്‍ സ്‌കൂള്‍ മുതല്‍ മല്ലികമാട് വരെയുള്ള പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍ ആണ്. ഏകദേശം ഇരുപതിനായിരത്തില്‍പരം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തേക്ക് ഇപ്പോള്‍ ഉള്ള ഒരേ ഒരു മാര്‍ഗം ഇക്ബാല്‍ ഗേറ്റ് ആണ്. കോട്ടച്ചേരി മേല്‍പ്പാലം വരുന്നതോടുകൂടി ഈ ഗേറ്റും ഒഴിവാക്കപ്പെടും.
ദിവസേന ആയിരക്കണക്കിന് ആള്‍ക്കാരാണ് ഇത് വഴി കടന്നു പോകുന്നത്. വിദ്യാര്‍ഥികള്‍, മത്സ്യ തൊഴിലാളികള്‍ തുടങ്ങി ഒട്ടേറെപേര്‍ യാത്ര ക്ലേശം അനുഭവിക്കുന്നു. ഇക്ബാല്‍ മുതല്‍ മല്ലികാമാട് വരെയുള്ള പ്രദേശം വീതി കൂട്ടുന്നതിന് ടെന്‍ഡര്‍ ആയിട്ടുണ്ട്.
ബിആര്‍ഡിസി അക്വയര്‍ ചെയ്തിട്ടുള്ള ഏക്കര്‍ കണക്കിന് ഭൂമി ഉപയോഗപ്രദമല്ലാതെ കിടക്കുകയാണ്. ടൂറിസത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ പറ്റിയ പ്രദേശം പാടെ അവഗണിക്കപ്പെട്ടു കിടക്കുകയാണ്. ചരിത്ര പ്രസിദ്ധമായ മല്ലികാമാട് ക്ഷേത്രത്തിലേക്ക് നൂറു കണക്കിന് സന്ദര്‍ശകര്‍ നിത്യേന എത്തുന്നു.
കടല്‍ ക്ഷോഭം ഉണ്ടായാല്‍ പോലും സുരക്ഷിത സ്ഥാനത്തു എത്തിച്ചേരുന്നതിന് കിലോമീറ്റര്‍ സഞ്ചരിക്കണം. തീരദേശ വാസികളുടെ യാത്ര പ്രശ്‌നത്തിനും സുരക്ഷിതത്വത്തിനും ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ഇക്ബാല്‍ ജംഗ്ഷനും മല്ലിക മാടിനും ഇടയില്‍ ഒരു റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ ചിത്താരി പുഴയോട് ചേര്‍ന്ന നിലവില്‍ ഉള്ള വഴി (പാലം നമ്പര്‍ 1177) വിപുലീകരിക്കുകയോ ചെയ്താല്‍ യാത്ര ക്ലേശം കുറക്കാന്‍ പറ്റും. കാഞ്ഞങ്ങാട് ടൗണില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ട്രാഫിക് ബ്ലോക്കിന് ഒരു പരിധി വരെ പരിഹാരം ആകും. അതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് ചിത്താരിയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
0 Comments