പെരിയ ഇരട്ടക്കൊലകേസില്‍് 3.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എട്ടാം പ്രതിയുടെ കുടുംബം ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊലകേസില്‍് 3.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എട്ടാം പ്രതിയുടെ കുടുംബം ഹൈക്കോടതിയില്‍



കാഞ്ഞങ്ങാട്; പെരിയ ഇരട്ടക്കൊലക്കേസിന്റെ  അന്വേഷണം സി ബി ഐക്ക് വിട്ടതിന് പിറകെ കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള തടങ്കല്‍ അന്യായമാണെന്നും മാനസികശാരീരിക പീഡനത്തിന്റെ പേരില്‍ 3.10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചൂണ്ടിക്കാട്ടി എട്ടാം പ്രതി സുബീഷിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കി. സുബീഷിന്റെ മാതാവ്  തമ്പായിയും ബന്ധുക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സുബീഷിനെ ഉടന്‍ വിട്ടയക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജി കോടതി പിന്നീട് പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സുബീഷിനെ അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍ സെപ്തംബര്‍ 30ന് കേസ് സി ബി ഐക്ക് വിട്ടതിനൊപ്പം സിംഗിള്‍ ബെഞ്ച് കുറ്റപത്രം റദ്ദാക്കി. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കിയില്ലെന്നും ഇനിയും തടങ്കലില്‍ വെക്കുന്നത് അന്യായമാണെന്നുമാണ് ഹരജിയില്‍ പറയുന്നത്. കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എ പീതാംബരന്‍ ഉള്‍പ്പെടെയുള്ള 10 പ്രതികളും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments