ബദിയടുക്ക: കുമ്പഡാജെ മാര്‍പ്പിനടുക്കയില്‍ രണ്ട് കീരികളെ കൊന്ന് മരത്തില്‍ കെട്ടി തൂക്കിയ സംഭവത്തില്‍ വനംവകുപ്പും ബദിയടുക്ക പോലീസും അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ ദിവസം വൈകിട്ടാണ് മാര്‍പ്പിനടുക്കയില്‍ സ്വകാര്യ വ്യക്തിയുടെ കൊപ്രഷെഡിന് സമീപത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടിലെ അക്കേഷ്യാ മരത്തില്‍ കീരികളെ കെട്ടിതൂക്കിയ നിലയില്‍ കണ്ടത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരും ബദിയടുക്ക പോലീസും സ്ഥലത്തെത്തിയിരുന്നു.ചത്തകീരികളെ പിന്നീട് കുഴിച്ചിട്ടെങ്കിലും ഇന്നലെ കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ച് സെക്ഷന്‍ ഓഫീസര്‍ എന്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തുകയും കുഴിച്ചിട്ട കീരികളുടെ ജഡങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് കുംബഡാജെ വെറ്റിനറി സര്‍ജന്‍ ജഡങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. കീരികളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. അതേ സമയം ഇത് സംബന്ധിച്ച് കേസെടുത്തിട്ടില്ല. കീരികളെ കൊന്നതിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസും വനപാലകരും പറഞ്ഞു.
0 Comments