ലോകമെമ്പാടും പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അധികാരികളുടെ അടിച്ചമർത്തലുകളെ മറികടക്കാൻ പ്രതിഷേധക്കാർ പല തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാറുണ്ട്. ഹോങ്കോങ്ങിലെ പ്രതിഷേധക്കാർ മാസ്‌കുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാർ മനുഷ്യച്ചങ്ങലകളാണ് പ്രതിഷേധത്തിനായി സ്വീകരിക്കുന്നത്.
എന്നാൽ, അടുത്ത കാലത്ത് ഇറാഖിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഒരാൾ സിംഹത്തെയാണ് പ്രതിരോധത്തിനായി ഉപയോഗിച്ചത്. പ്രതിക്ഷേധക്കാരെ തടയാൻ പൊലീസ് നായ്ക്കളെ ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിംഹവുമായി ഇയാൾ പ്രതിഷേധത്തിനെത്തിയത്.
എന്നാൽ, ഈ വ്യത്യസ്ത പ്രതിക്ഷേധ മാർഗം സ്വീകരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിത്രം ബാഗ്ദാദിലെ ബാബേൽ പ്രവിശ്യയിൽ നിന്നുള്ളതാണ്. മിഡിൽ ഈസ്റ്റിന്റെ പതാക സിംഹത്തിന്റെ മുകളിലുണ്ട്. സിംഹത്തിന്റെ കഴുത്തിലുള്ള ചെയിൻ ഇയാൾ കൈയ്യിൽ പിടിച്ചിട്ടുമുണ്ട്.
എണ്ണവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇറാഖിൽ ജനം തെരുവിലിറങ്ങിയിരുന്നു. യുവാക്കളുടെ തൊഴിൽ സാഹചര്യത്തിലുണ്ടാകുന്ന അനിശ്ചിതാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുമാണ് ജനങ്ങൾ തെരുവിലിറങ്ങാൻ കാരണമായത്. പ്രക്ഷോഭത്തിൽ 300ൽ അധികം ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
0 Comments