ചൊവ്വാഴ്ച, നവംബർ 19, 2019


തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പോലീസിന്‍റെ ഓൺലൈൻ ക്യൂ സംവിധാനം വഴി ഇതുവരെ 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 15 മുതൽ 45 വയസ്സു വരെ പ്രായമുള്ള 319 പേ‍ര്‍ ഇതിനോടകം ഈ മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്താനായി രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കേരളത്തിൽ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.

സുപ്രീം കോടതിയുടെ പുതിയ നടപടിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികളെ അനുവദിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് എജി നിയമോപദേശം നല്‍കിയിരുന്നു. ഈ മണ്ഡലകാലത്ത് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെയും നിലപാട്. ഇതിനെ പ്രതിപക്ഷ പാര്‍ട്ടികളും ദേവസ്വം ബോര്‍ഡും സ്വാഗതം ചെയ്തിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയാലും പമ്പയിലോ നിലയ്ക്കലിലോ വെച്ച് പോലീസ് തടയും. യുവതികളെ പ്രവേശിപ്പിക്കാനുള്ള വിധിയ്ക്ക് സ്റ്റേയില്ലെങ്കിലും കോടതിയുടെ പുതിയ നടപടിയുടെ പശ്ചാത്തലത്തിൽ പ്രായോഗികമായി സ്റ്റേയുണ്ടെന്നാണ് നിയമമന്ത്രി എ കെ ബാലൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

രജിസ്റ്റര്‍ ചെയ്ത യുവതികളിൽ ഏറ്റവും കൂടുതൽ പേര്‍ ആന്ധ്രാ പ്രദേശിൽ നിന്നാണ് - 160 പേര്‍. തമിഴ്നാട്ടിൽ നിന്ന് 139 പേരും കര്‍ണാടകയിൽ നിന്ന് 9 യുവതികളും ദര്‍ശനത്തിനായി വിര്‍ച്വൽ ക്യൂവിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയിൽ നിന്ന് 8 പേരും ഒഡിഷയിൽ നിന്ന് മൂന്ന് പേരും രജിസ്റ്റര്‍ ചെയ്തു. എന്നാൽ കേരളത്തിൽ നിന്ന് ഇതുവരെ ഒരു യുവതിയും ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഈ മണ്ഡലകാലത്ത് ദര്‍ശനത്തിനായി ഇതുവരെ എട്ട് ലക്ഷത്തോളം വിശ്വാസികളാണ് കേരള പോലീസിന്‍റെ വിര്‍ച്വൽ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിര്‍ച്വൽ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് പ്രത്യേക ക്യൂ വഴി സന്നിധാനത്തെത്തി് ദര്‍ശനം നടത്താം.

വിര്‍ച്വൽ ക്യൂവിൽ പേര് ചേര്‍ക്കാനായി വെബ്സൈറ്റിൽ പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിൽ നിന്നാണ് ഇതുവരെ 15 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള 319 സ്ത്രീകള്‍ ശബരിമലയിൽ എത്തുന്നുവെന്ന വിവരം പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ രജിസ്റ്റര്‍ ചെയ്തവരിൽ പലരും പുതിയ നടപടികളുടെ പശ്ചാത്തലത്തിൽ എത്തണമെന്നില്ലെന്നും ചിലരെങ്കിലും ഓൺലൈൻ ഫോം പൂരിപ്പിച്ചപ്പോള്‍ പിഴവു മൂലം തെറ്റായ വയസ്സ് രേഖപ്പെടുത്തിയതാകാമെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പലര്‍ക്കും ശബരിമലയിലെ പ്രശ്നങ്ങളെപ്പറ്റി അറിയില്ലെന്നും ഇവര്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുമ്പോള്‍ ദര്‍ശനത്തിനുള്ള ശ്രമം ഉപേക്ഷിച്ചു മടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ