
ഓസ്‌ട്രേലിയയില്‍ നിന്ന് ചെന്നെയിലേക്കുള്ള വിമാനയാത്രക്കിടെ യുവദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു.ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ശക്തയുടെയും ദീപയുടെയും മകനായ റിത്വിക്കാണ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചത്.
ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ആറുമാസം പ്രായമുള്ള മകന്‍ തളര്‍ന്നുറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളായ ശക്തിയും ദീപയും കരുതിയത്. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം മകനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അവന്‍ അനങ്ങുന്നില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
മെല്‍ബണില്‍ നിന്ന് ക്വാലാലംപൂര്‍ വഴിയാണ് യുവദമ്പതികള്‍ ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ചെന്നൈയിലെത്തി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് എടുക്കാന്‍ പോവുന്നതിന് ഇടയിലാണ് കുഞ്ഞ് അനങ്ങുന്നില്ലെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിച്ചത്.
ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ ശരീരം നീല നിറത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. താംബരം സ്വദേശികളാണ് ദമ്പതികള്‍. ക്വാലാലംപൂരില്‍ നിന്ന് വിമാനത്തില്‍ കയറുമ്പോള്‍ കുട്ടി കളിചിരികളുമായുണ്ടായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോയി. കുഞ്ഞിന്റെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
0 Comments