
കാസര്‍കോട്: വാഹനത്തിന് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റ കേസില്‍ നാല് പ്രതികളെ കോടതി രണ്ട് വര്‍ഷം വീതം കഠിന തടവിനും 10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. ചേറ്റു കുണ്ട് കടപ്പുറം സ്വദേശിയും പൂച്ചക്കാട്ട് താമസക്കാരനുമായ ജപ്പു എന്ന കെ ജാഫര്‍ (27) ,ചേറ്റുകുണ്ട് കടവത്ത് ഹൗസിലെ ഷുഹൈബ് (36), ചേറ്റുകുണ്ട് കടവത്ത് ഹൗസിലെ ഹംസ (30), മുക്കൂടിലെ എം ബഷീര്‍ (50) എന്നിവരെയാണ് കാസര്‍കോട് അസി. സെഷന്‍സ് കോടതി ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ഒരുമാസം അധിക തടവ് അനുഭവിക്കണം. 2011 ഏപ്രില്‍ 30ന് രാത്രി 8.30 മണിയോടെ ചിത്താരി വാണിയം പാറ വി പി റോഡ് ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്താണ് സംഭവം. കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം കഴിഞ്ഞ് മിനിലോറിയില്‍ മടങ്ങുകയായിരുന്ന പത്ത് പ്രവര്‍ത്തകര്‍ക്കുനേരെ കല്ലുകളും മാര്‍ബിള്‍ കഷണങ്ങളും എറിയുകയും ചിത്താരിയിലെ കൃഷ്ണന്റെ മകന്‍ കെ ശ്രീജിത്തിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ വധശ്രമം തെളിയിക്കാനായില്ല. ഗുരുതരമായി പരുക്കല്‍പ്പിച്ചതിനാണ് ശിക്ഷ. പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
0 Comments