മുസ്‌ലിംകൾ ക്രമസമാധാനം പാലിക്കണം: പൗരത്വ പ്രതിഷേധത്തിൽ ഉദ്ധവ് താക്കറെ

മുസ്‌ലിംകൾ ക്രമസമാധാനം പാലിക്കണം: പൗരത്വ പ്രതിഷേധത്തിൽ ഉദ്ധവ് താക്കറെ




മുംബൈ: രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമ്പോൾ മുസ്‌ലിം സമുദായം ക്രമസമാധാനം പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികളുമായി വീഡിയോ കോഫറൻസിലൂടെയാണ് ഉദ്ധവ് അഭ്യർത്ഥന നടത്തിയത്.

വിവാദ നിയമം പിൻവലിക്കാൻ സർക്കാരിനെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചൊവ്വാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ അഭ്യർത്ഥന. എന്നാൽ, പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഒരു ഇന്ത്യൻ പൗരനെയും നിയമം ബാധിക്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

നേരത്തേ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തെ ഉദ്ധവ് താക്കറെ അപലപിച്ചിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ ഞായറാഴ്ച വിദ്യാർത്ഥികൾക്കെതിരെ നടന്ന സംഭവം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വലിയ കൂട്ടക്കൊലകളിലൊന്നായ ജാലിയൻവാലാബാഗിനെ ഓർമ്മപ്പെടുത്തുന്നുവെന്ന് ഉദ്ധവ് പറഞ്ഞു. 'ഞാൻ ജാലിയൻ വാലാബാഗ് വെടിവെപ്പ് ഓർക്കുന്നു. യുവത്വത്തിന്റെ ശക്തി ബോംബിനു തുല്യമാണ് അതിനെ ആളികത്തിക്കരുത്'- എന്നിങ്ങനെയായിരുന്നു താക്കറെ പറഞ്ഞത്.

Post a Comment

0 Comments