13 മെട്രോ സ്‌റ്റേഷനുകൾ അടച്ചു, ചെങ്കോട്ടയിൽ നിരോധനാജ്ഞ- പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

13 മെട്രോ സ്‌റ്റേഷനുകൾ അടച്ചു, ചെങ്കോട്ടയിൽ നിരോധനാജ്ഞ- പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ്



ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളുടെയും ഇടത് പാർട്ടികളുടെയും പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ചിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് കമ്മിഷണർ അറിയിച്ചു. ചെങ്കോട്ടയിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് ഡൽഹിയിലെ ചെങ്കോട്ടയിലാണ് ജാമിയ വിദ്യാർത്ഥികൾ ഒത്തുചേരുക. ബിഹാറിൽ ഇടതു പാർട്ടികൾ ബന്ദ് ആചരിക്കും. 

ചലോ ലാൽകില എന്ന പേരിലാണ് ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. സർവകലാശാലയിൽ നടക്കുന്ന പ്രതിഷേധം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ പ്രതിഷേധപരിപാടി. രാവിലെ 11 മണിക്ക് ചെങ്കോട്ടയിൽ ഒത്തുകൂടുന്ന വിദ്യാർത്ഥികൾ അവിടെ നിന്ന് ഡൽഹിയിലെ ഷഹീദ് പാർക്കിലേക്ക് മാർച്ച് നടത്തും. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവും പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് പ്രതിഷേധിക്കുക എന്ന് യോഗേന്ദ്ര യാദവ് ചോദിച്ചു. ' ഇന്നല്ലെങ്കിൽ പിന്നെ എപ്പോഴാണ് നിങ്ങൾ രാജ്യത്തിന് വേണ്ടി നിലകൊള്ളുക? ഇന്ത്യയ്ക്കുവേണ്ടി രാമപ്രസാദ് ബിസ്മിൽ, അസ്ഫഖുല്ല ഖാൻ, റോഷൻ സിങ് എന്നിവർ ജീവൻ നൽകിയ ദിനമാണിന്ന്. വിഭജന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ മാർച്ചിൽ പങ്കുചേരുക, ലാൽ കില, രാവിലെ 11: 00 ന് എന്നോടൊപ്പം ചേരുക.'-അദ്ദേഹം ട്വീറ്റ് ചെയ്തു. 

അതേസമയം, ഇടതുപാർട്ടികളുടെ മണ്ഡി ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഷഹീദ് പാർക്കിൽ അവസാനിക്കും. റോഡുകൾ പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചതിനാൽ വലിയ ട്രാഫിക് ജാമാണ് ഇവിടെ അനുഭവപ്പെടുന്നത്.

അതിനിടെ, ഡൽഹിയിലെ 13 മെട്രോ സ്റ്റേഷനുകൾ അടച്ചു. ജാമിയമിലിയ, ജസോല വിഹാർ, ഷഹീന്ഡബാഗ്, മുനിർക, പട്ടേൽ ചൗക്, ലോക് കല്യാൺ മർഗ്, ഉദ്യോഗ് ഭവൻ, ഐ.ടി.ഒ, പ്രഗതി മൈതാൻ, ഖാൻ മാർക്കറ്റ് എന്നീ സ്റ്റേഷനുകൾ അടച്ചിട്ടുണ്ട്. ബിഹാറിൽ ഇടതു പാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. പട്‌നയിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു.

അതേസമയം, ജാമിയ മിലിയ സർവ്വകലാശാലയിലെ പൊലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

Post a Comment

0 Comments