
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ തകർക്കാനുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചു. ആദ്യദിനം തകർക്കാൻ നിശ്ചയിച്ചിട്ടുള്ള ഹോളി ഫെയ്ത് ഫ്ലാറ്റിലേക്കുള്ള സ്‌ഫോടക സാമഗ്രികളാണ് കൊണ്ടുവന്നത്. എഡിഫസ് കമ്പനിക്കാണ് ഇവിടെ പൊളിക്കാനുള്ള കരാർ നല്കിയിട്ടുള്ളത്.
അങ്കമാലി മഞ്ഞപ്രയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുകളാണ് പൊലീസ് അകമ്പടിയോടെ എത്തിച്ചത്. അമോണിയം നൈട്രേറ്റ് പ്രധാനഘടകമായ എമൽ ഷെൻ സ്ഫോടക വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്. 1471 സുഷിരങ്ങളാണ് H20 ഫ്ലാറ്റിൽ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കളാണ് ഫ്ലാറ്റിന് ആവശ്യം.
ആദ്യദിവസം 765 സുഷിരങ്ങളിലും രണ്ടാംദിവസം 705 സുഷിരങ്ങളിലും സ്ഫോടകവസ്തുക്കൾ നിറയ്ക്കും. സ്ഫോടകവസ്തുക്കൾ നിറയ്ക്കാൻ ജില്ല ഭരണകൂടത്തിന്‍റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അതനുസരിച്ച് ആയിരിക്കും നിറയ്ക്കൽ തുടങ്ങുക. അതേസമയം, പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം ഇന്ന് ചേരുന്ന സാങ്കേതികസമിതി യോഗം പരിഗണിക്കും.
ജനവാസമേഖലയിലെ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആദ്യം പൊളിക്കുന്നതിന് എതിരായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതിന് പകരം ഗോൾഡൻ കായലോരവും ജെയിൻ കോറൽ കോവും ആദ്യം പൊളിച്ചേക്കും.
0 Comments