പൗരത്വ നിയമ ഭേദഗതി; ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അമിത് ഷാ

LATEST UPDATES

6/recent/ticker-posts

പൗരത്വ നിയമ ഭേദഗതി; ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അമിത് ഷാ



ജയ്പുര്‍: പൗരത്വ നിയമ ഭേദഗതിയില്‍നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബി.ജെ.പി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് രാജസ്ഥാനിലെ ജോധ്പുരിലെ റാലിയില്‍ അദ്ദേഹം വ്യക്തമാക്കി. എത്രത്തോളം തെറ്റിദ്ധാരണ പടര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം ചെയ്‌തോളൂവെന്നും അദ്ദേഹം പ്രതിപക്ഷത്തോടായി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും അമിത് ഷാ പ്രസംഗത്തില്‍ വിമര്‍ശിച്ചു. രാഹുല്‍ ബാബാ, താങ്കള്‍ പൗരത്വ നിയമ ഭേദഗതി വായിച്ചുവെങ്കില്‍, ദയവായി അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എവിടെയെങ്കിലും വരൂ. നിങ്ങള്‍ വായിച്ചില്ലെങ്കില്‍, നിയമം ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി തന്ന് സഹായിക്കാം. ദയവായി നിയമം വായിക്കൂ- ഷാ പറഞ്ഞു.

വോട്ട്ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മഹദ്‌വ്യക്തിത്വമായ വീര്‍ സവര്‍ക്കറിനെതിരെ പോലും കോണ്‍ഗ്രസ് സംസാരിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്നും ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയിലെ, മഹാത്മാ ഗാന്ധയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നുവെന്ന പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിനെയും അമിത് ഷാ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനു പകരം കോട്ടയില്‍ ദിനംപ്രതി മരിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം ശ്രദ്ധിക്കൂവെന്ന് ഷാ ഗെഹ്‌ലോത്തിനോടായി പറഞ്ഞു. കോട്ടയിലെ നവജാത ശിശുമരണത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കൂ. അമ്മമാര്‍ നിങ്ങളെ ശപിക്കുകയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments