ശനിയാഴ്‌ച, ജനുവരി 11, 2020

കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിനിടയില്‍ ബന്ധു മരിച്ച  വിവരം അറിഞ്ഞ പൂന്തുറ സ്വദേശിയെ നടുക്കടലില്‍ നിന്നും കരയിലെത്താന്‍ മീന്‍പിടുത്തം നിര്‍ത്തി അജാനൂരിലെ മത്സ്യത്തൊഴിലാളികള്‍ സഹായിച്ചു. ബേപ്പൂരില്‍ നിന്നും അഞ്ചു ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബേപ്പൂര്‍ സ്വദേശി മൊയ്തീന്റെ ഉടമസ്ഥതയിലുള്ള സെല്‍വ എന്ന ബോട്ടിലെ തൊഴിലാളി ബ്രൈറ്റിന്റെ അടുത്ത ബന്ധുവാണ് മരിച്ചത്. നടുക്കടലില്‍ നിന്നും കരയിലെത്തി നാട്ടിലെത്താന്‍ സഹായവുമായി അജാനൂര്‍ കടപ്പുറത്തെ അയോദ്ധ്യാ ഫൈബര്‍ വള്ളക്കാരാണ് തുണയായത്. ഇന്നലെ രാവിലെയാണ് ബോട്ടുകാര്‍ സഹായം ആവശ്യപ്പെട്ട് വള്ളക്കാരെ സമീപിച്ചത്. ഉടന്‍ തന്നെ  അധികൃതരെ വിവരമറിയിച്ചതിന് ശേഷമാണ് ബ്രൈറ്റിനെ വള്ളത്തില്‍ കയറ്റി  നീലേശ്വരം അഴിത്തല തീരദേശ പോലീസ്  ബോട്ടുജെട്ടിയില്‍ എത്തിച്ചത്. ബ്രൈറ്റില്‍ നിന്ന് കോസ്റ്റല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും വിവര ശേഖരണത്തിനു ശേഷം പോലീസ് തന്നെ ബസ് കയറ്റി വിട്ടു ബേപ്പൂരിലേക്കയച്ചു. അവിടെ നിന്നും ബ്രൈറ്റ്  നാട്ടിലേക്കു പോയി. അയോദ്ധ്യാ ഫൈബര്‍ വള്ളത്തിലെ ബാലു, അനീഷ്, അജീഷ്, സുമിത്ത് എന്നിവര്‍ കടലില്‍ തങ്ങളുടെ ഉപജീവനത്തിനായി മീന്‍ പിടിക്കുന്നതിനിടെയാണ് പാതിയില്‍ മീന്‍ പിടുത്തം ഉപേക്ഷിച്ച് ബ്രൈറ്റിനെ കരയിലെത്തിച്ചത്. ഇവരുടെ നടപടിയെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ