നിര്‍ഭയ കേസ്: വധശിക്ഷ 22-ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്ത നിലവില്‍ വന്നത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മരണവാറണ്ടിനെതിരെ കേസിലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഈ ഹര്‍ജി പരിഗണിച്ചത് ബുധനാഴ്ച പന്ത്രണ്ടുമണിക്കാണ് അപ്പോഴാണ് പ്രതി ദയാഹര്‍ജിയുമായി മുന്നോട്ട് പോയതിനാല്‍ വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുകേഷ് സിങ് ദയാഹര്‍ജി കൈമാറിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഇത് കൈമാറിയിട്ടില്ല. നേരത്തെ അക്ഷയ് സിങ് ദയാഹര്‍ജി നല്‍കിയെങ്കിലും അവസാന നിമിഷം അതുപിന്‍വലിച്ചിരുന്നു. കേസിലെ രണ്ടുപ്രതികള്‍ക്കുകൂടി ദയാഹര്‍ജി നല്‍കാനുള്ള സാഹചര്യം ഉണ്ട്.
ദയാഹര്‍ജി തള്ളിയാല്‍ പതിന്നാലുദിവസത്തെ നോട്ടീസ് പിരീഡ് പ്രതികള്‍ക്ക് നല്‍കണം. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നീട്ടിവെക്കണമെന്നാണ് മുകേഷ് സിങ് കോടതിയില്‍ ആവശ്യപ്പെട്ടത്. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ അവസരം നല്‍കണമെന്നും മുകേഷ് സിങ് കോടതിയെ ബോധിപ്പിച്ചു.
ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്ത കോടതി നിയമവ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി തള്ളി. മുകേഷ് സിങ്ങിന് ഇനി സുപ്രീംകോടതിയെ സമീപിക്കാം.
പ്രതികളുടെ ദയാഹര്‍ജി എത്രയും വേഗത്തില്‍ നിരസിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് നിര്‍ഭയയുടെ അമ്മ ആവശ്യപ്പെട്ടു. ഏത് കോടതിയെ അവര്‍ സമീപിച്ചാലും തീരുമാനിക്കപ്പെട്ട ദിവസം തന്നെ ഇവരെ തൂക്കിലേറ്റണമെന്നും നിര്‍ഭയയുടെ അമ്മ ആവശ്യപ്പെട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ