പ്രവാസിവ്യവസായിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് പത്തരവര്‍ഷം തടവ്
Tuesday, February 11, 2020
കാഞ്ഞങ്ങാട്; പ്രവാസി വ്യവസായിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി പത്തരവര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്തെ കെ കെ മുഹമ്മദ് കുഞ്ഞി (67), കപ്പണക്കാലിലെ അബ്ദുല്‍ ഷംസീര്‍ (34), മാണിക്കോത്തെ കോപ്പാട്ടി ബഷീര്‍ (52) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) ജഡ്ജി ടി കെ നിര്‍മല ശിക്ഷിച്ചത്. 2008 ജനുവരി 17ന് രാത്രി 8.30 മണിയോടെ മാണിക്കോത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മാണിക്കോത്ത് പോസ്റ്റാഫീസിനടുത്ത് താമസിക്കുന്ന എം പി മുഹമ്മദിനെ (67) വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ മൂന്നു മാസം അധികം കഠിന തടവുകൂടി അനുഭവിക്കണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദിനെ സംഘം തടഞ്ഞു നിര്‍ത്തി വാക്കത്തി കൊണ്ട് വെട്ടിയും ഇരുമ്പ് വടി കൊണ്ട് അടിച്ചും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. അനധികൃതമായി വയല്‍ നികത്തിയതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് ഈ കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്നത്. പിന്നീട് സി ഐ സി കെ സുനില്‍ കുമാര്‍ അന്വേഷണചുമതല ഏറ്റെടുക്കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. കെ ബാലകൃഷ്ണന്‍, അഡ്വ. പി രാഘവന്‍ എന്നിവര്‍ ഹാജരായി.
0 Comments