മലയോരം കേന്ദ്രീകരിച്ച് സമാന്തരലോട്ടറിവില്‍പ്പന സജീവം; സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Tuesday, February 11, 2020
കാഞ്ഞങ്ങാട്; വെള്ളരിക്കുണ്ട് താലൂക്കിലെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറിവില്‍പ്പന സജീവം. അനധികൃത ലോട്ടറിവില്‍പ്പനസംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. പാണത്തൂര്‍ കരിക്കെ സ്വദേശി കെ പ്രസന്ന കുമാറിനെ (39) യാണ് രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്ത്, എസ് ഐ കെ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രസന്ന കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് മൊബൈല്‍ ഫോണുകള്‍, 31,070 രൂപ, ലോട്ടറി നമ്പറുകള്‍ എഴുതിയ പേപ്പറുകള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മലയോരത്തെ പ്രധാന ടൗണുകളിലെല്ലാം ഏജന്റുമാരെ വെച്ച് എഴുതിവാങ്ങിയും വാട്‌സ് ആപ് സന്ദേശത്തിലൂടെയും ഫോണ്‍ വിളിച്ചും ഭാഗ്യാന്വേഷികളില്‍ നിന്ന് നമ്പര്‍ സ്വീകരിച്ചുമാണ് പ്രസന്ന കുമാര്‍ ഉള്‍പ്പെടെയുള്ള സമാന്തര ലോട്ടറി സംഘം ചൂതാട്ടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഥിരം ഭാഗ്യാന്വേഷികള്‍ക്ക് കൈയില്‍ പണമില്ലെങ്കില്‍ പോലും ഫോണില്‍ വിളിച്ചോ വാട്‌സ് ആപില്‍ സന്ദേശമയച്ചോ ടിക്കറ്റെടുക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മലയോരം കേന്ദ്രീകരിച്ച് നടന്ന സമാന്തര ലോട്ടറി ചൂതാട്ടത്തിനെതിരെ പോലീസ് സ്വീകരിച്ച നടപടിയെ തുടര്‍ന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. എ എസ് ഐ പ്രേംരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി, പ്രവീണ്‍ എന്നിവരും ലോട്ടറി ചൂതാട്ടം പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
0 Comments