ചൊവ്വാഴ്ച, ഫെബ്രുവരി 18, 2020

സ്വപ്നങ്ങള്‍ക്ക്  അതിര്‍ത്തികള്‍ കല്പിക്കാതെ സ്വതന്ത്രമായി  ചിന്തിച്ച് വളര്‍ന്നപ്പോള്‍, കാഞ്ഞങ്ങാട്ടുകാരി  നവ്യ നാരായണന്റെ ലോകവും അതിര്‍ത്തികള്‍ കടന്ന് വളര്‍ന്നു. ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി  വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച മോഡല്‍ യുണൈറ്റഡ് നേഷന്‍ പാര്‍ട്ട് മൂന്നില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ഇന്തോനേഷ്യയിലെ ബാലിയില്‍ പ്രബന്ധം അവതരിപ്പിച്ച മലയാളിയായ അഞ്ചുപേരില്‍ ഒരാളാണ്  നവ്യനാരായണന്‍. ആഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ജനങ്ങളുടെ വിശപ്പ് അകറ്റാന്‍ എന്തൊക്കെ ചെയ്യാം എന്നതായിരുന്നു നവ്യയ്ക്ക് ലോക ഭക്ഷ്യ സംഘടന പ്രബന്ധ അവതരണത്തിന്  നല്കിയ വിഷയം. ഗവണ്‍മെന്റ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ ലഭ്യമായ വിഭവങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായി അനുവദിച്ച്, പദ്ധതികള്‍ നടപ്പിലാക്കിയാല്‍  ഇവിടുത്തെ വിശപ്പ് അകറ്റാന്‍ കഴിയുമെന്ന് നവ്യ സമര്‍ത്ഥിക്കുന്നു. പൊതുസമൂഹത്തിന് ആകെയായി പദ്ധതികള്‍ നടപ്പിലാക്കുന്ന ശീലം മാറ്റി,ഓരോ വ്യക്തിയുടെ ആവശ്യം മനസിലാക്കി പദ്ധതികള്‍ രൂപകല്പന ചെയ്താല്‍ വികസനത്തിന്  വിഘാതം സൃഷ്ടിക്കുന്ന ദാരിദ്ര്യം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ കഴിയുമെന്ന്  നവ്യ പറയുന്നു. നവ്യ അവതരിപ്പിച്ച പ്രബന്ധം ഐക്യരാഷ്ട്രസഭയിലേക്ക് സമര്‍പ്പിട്ടുണ്ട്,  തെരഞ്ഞെടുക്കപ്പെട്ടാല്‍,നവ്യയുടെ ആശയം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ ആശയം ലോക നന്മയ്ക്ക് എങ്ങനെ  ഉപയോഗിക്കാം എന്ന കാഴ്ച്ചപ്പാടാണ് ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന്  പിന്നില്‍.
സംസ്ഥാന യുവജനക്ഷേമ  ബോര്‍ഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍  ഹാളില്‍  സംഘടിപ്പിച്ച അനുമോദന സദസില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍  നവ്യയെ അനുമോദിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി നന്ദനത്തില്‍ നാരായണന്‍ മുതിയക്കാലിന്റെയും കെ വി  ബിന്ദുവിന്റെയും മകളാണ് നവ്യ. കേരള കേന്ദ്ര സര്‍വ്വകലാശാല  തിരുവനന്തപുരം ക്യാമ്പസിലെ ബി.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്  മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഡിഗ്രി പഠനത്തോടെപ്പം, സിവില്‍ സര്‍വ്വീസ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുക്കുന്ന നവ്യയുടെ ജീവിതാഭിലാഷം ഐ.എഫ്.എസ് നേടുകയെന്നതാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ