നമസ്‌തേ ട്രംപിനായി കൊടും ക്രൂരത, മതിലിന് പിന്നാലെ ചേരി ഒഴിപ്പിക്കലും
Wednesday, February 19, 2020
അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. ഏഴ് ദിവസത്തിനുള്ളില്‍ ചേരി ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 11 തീയതി രേഖപ്പെടുത്തിയ നോട്ടീസ് ചേരി നിവാസികള്‍ക്ക് ഇന്നലെയാണ് നല്‍കിയിരിക്കുന്നത്. നോട്ടീസ് പ്രകാരം ഇന്നലെയായിരുന്നു ഒഴിയാനുള്ള അവസാന തീയതി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 45 കുടുംബങ്ങളില്‍പെട്ട 200ഓളം ആളുകളാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. ഈ മാസം അവസാനം സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കുന്നുണ്ട്. 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇതോടനുബന്ധിച്ചാണ് തങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയതെന്ന് ചേരി നിവാസികള്‍ ആരോപിച്ചു. ട്രംപിന്റെ വരവ് പ്രമാണിച്ച് പാതയോരത്തെ ചേരി മറയ്ക്കുന്നതിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിര ബ്രിഡ്ജ് വരെയുള്ള ദൂരം മതില്‍ പണിതുയര്‍ത്തുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. 22 വര്‍ഷത്തോളം ചേരിയില്‍ താമസിച്ചു വരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരോടാണ് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചത്. 65 കുടുംബങ്ങളാണ് ചേരിയില്‍ കഴിയുന്നത്. അതേസമയം, ചേരി നിലനില്‍ക്കുന്നത് നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലാണെന്നും നഗരാസൂത്രണത്തിന്റെ ഭാഗമായാണ് കൈയേറ്റ ഭൂമിയില്‍ നിന്ന് കുടുംബങ്ങളോട് ഒഴിയാന്‍ നിര്‍ദേശം നല്‍കിയതെന്നുമാണ് നഗരസഭ നല്‍കുന്ന വിശദീകരണം. തങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞപ്പോള്‍ നിങ്ങള്‍ എവിടേക്ക് വേണമെങ്കിലും പോയ്‌ക്കോളൂ എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് ചേരി നിവാസിയായ പങ്കജ് ദാമര്‍ പറയുന്നു. എല്ലാ കുടുംബങ്ങളിലും ചുരുങ്ങിയത് നാല് പേരെങ്കിലുമുണ്ട്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങോട്ട് പോകുമെന്നും ചേരി നിവാസികള്‍ നിറകണ്ണുകളോടെ ചോദിക്കുന്നു.
0 Comments