ആധാര്‍ വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിക്കണം; നിയമം വൈകാതെ
Wednesday, February 19, 2020
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നമ്പര്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ നിയമം വരുന്നു. ഇതിനായി ആധാര്‍ നിമയത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത്.
നിയമ മന്ത്രാലയം ഇക്കാര്യത്തില്‍ കരടു തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ വരുംയോഗത്തില്‍ ഇതുപരിഗണിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. യോഗത്തില്‍ മുഖ്യതെരഞ്ഞെടുപ്പ്് കമ്മിഷണര്‍ സുനില്‍ അറോറ, നിയമകാര്യ സെക്രട്ടറി നാരായണ്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂല അഴിച്ചു പണി ലക്ഷ്യമിട്ട് കമ്മിഷന്‍ നാല്‍പ്പതു നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
2015ല്‍ ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങള്‍ നടന്നിരുന്നു എങ്കിലും സുപ്രിംകോടതി വിധിയെ തുടര്‍ന്ന് അത് ഉപേക്ഷിക്കുയായിരുന്നു. 32 കോടി ആധാര്‍ നമ്പറുകള്‍ വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
നിലവില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യാനും പാന്‍കാര്‍ഡ് സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്വകാര്യ കമ്പനികളുടെ സേവനങ്ങള്‍ക്ക് (സിം കാര്‍ഡ് മുതലായവ) ആധാര്‍ നിര്‍ബന്ധമില്ല എന്നാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്.
0 Comments