ട്രംപിനു വേണ്ടിയുള്ള മോടി പിടിപ്പിക്കൽ തീരുന്നില്ല, ചേരി മറച്ചുള്ള മതിലിനു പിന്നാലെ മലിനീകരണം 'മറയ്ക്കാൻ' യമുനയിലേക്ക് വെള്ളം നിറയ്ക്കുന്നു
Wednesday, February 19, 2020
ലഖ്‌നൗ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി യമുനാ നദിയുടെ 'പാരിസ്ഥിതിക അവസ്ഥ' മെച്ചപ്പെടുത്തുന്നതിനായി ഉത്തർപ്രദേശ് ജലസേചന വകുപ്പ് ബുലന്ദ്ഷഹറിലെ ഗംഗനഹറിൽ നിന്ന് 500 ക്യുസെക്‌സ് വെള്ളം യമുനയിലേക്ക് തുറന്നുവിട്ട് അധികൃതർ. ഉത്തർപ്രദേശ് ജലസേചന വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"യു.എസ് പ്രസിഡന്റ് ട്രംപ് ആഗ്ര സന്ദർശിക്കുന്നതിന്റെ ഭാഗമായി യമുനാ നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനു ഗംഗാനഹറിൽ നിന്നു 500 ക്യുസെക്‌സ് വെള്ളം തുറന്നുവിടും. ഈ വെള്ളം മധുരയിലെ യമുനയിൽ ഫെബ്രുവരി 20ഓടെയും ആഗ്രയിൽ ഫെബ്രുവരി 21ന് ഉച്ചയോടെയും എത്തും"- ജലസേചന വകുപ്പ് എഞ്ചിനീയർ ധർമേന്ദർ സിങ് ഫൊഗാട്ട് പറഞ്ഞു.
ഫെബ്രുവരി 24 വരെ യമുനയിൽ ഒരു നിശ്ചിത അളവിൽ വെള്ളം നിലനിർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ യമുനയിൽ നിന്നുള്ള ദുർഗന്ധം കുറയ്ക്കാനാകുമെന്ന് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്ര ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ അരവിന്ദ് കുമാർ പറഞ്ഞു. "500 ക്യുസെക്‌സ് വെള്ളം യമുനയിലേക്ക് എത്തിയാൽ മലിനീകരണം നിയന്ത്രിക്കാനാകും. യമുനയിലെ ഓക്‌സിജന്റെ അളവു വർദ്ധിപ്പിക്കാനും ഇതു സഹായകരമാകും. എന്നാൽ, ഇതിലൂടെ യമുനയിലെ ജലം കുടിവെള്ളത്തിനു യോഗ്യമാകില്ല, എങ്കിലും ദുർഗന്ധം ഇല്ലാതാക്കാൻ ഉപകരിക്കും"- അരവിന്ദ് കുമാർ പറഞ്ഞു.
ഫെബ്രുവരി 23നാണ് ട്രംപ് ഇന്ത്യയിൽ എത്തുന്നത്. ഗുജറാത്ത് സന്ദർശനത്തിനായി എത്തുന്ന ട്രംപിൽ നിന്നും ചേരി പ്രദേശം മറയ്ക്കുന്ന തരത്തിൽ മതിൽ കെട്ടിപ്പൊക്കുന്നതും ചേരി നിവാസികളെ ഒഴിപ്പിക്കുന്നതും ഇതിനോടകം തന്നെ വാർത്തയായിരുന്നു.
ട്രംപിനെ സ്വീകരിക്കുന്നതിനായി പുതുതായി നിർമ്മിച്ച മോട്ടേര സ്റ്റേഡിയത്തിന് സമീപത്തെ ചേരിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) തിങ്കളാഴ്ച കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ടുണ്ട്. 'ദ ഇന്ത്യൻ എക്സ്പ്രസാ'ണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നിർമ്മാണ തൊഴിലാളികളായി രജിസ്റ്റർ ചെയ്തിട്ടുള്ള 200ലധികം ചേരി നിവാസികളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. എന്നാൽ ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി നടത്തുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയുമായി കുടിയൊഴിപ്പിക്കലിന് യാതൊരു ബന്ധവുമില്ലെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വാദം. അഹമ്മദാബാദിലെ ശരണിയ നിവാസ് ചേരി മറയ്ക്കുന്നതിനായി മതിൽ നിർമിച്ചതിനു പിന്നാലെയാണ് കുടിയൊഴിപ്പിക്കൽ. അഹമ്മദാബാദ് സന്ദർശനത്തിനെത്തുന്ന ട്രംപിന് യാത്രാ മാർഗ്ഗമായി കണക്കാക്കുന്ന പ്രദേശമാണിത്.
0 Comments