യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ സൗദിയില്‍ മിസൈല്‍ ആക്രമണം; പിന്നില്‍ ഹൂതികളോ ഇറാനോ?

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ സൗദിയില്‍ മിസൈല്‍ ആക്രമണം; പിന്നില്‍ ഹൂതികളോ ഇറാനോ?



റിയാദ്: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയുടെ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം. യെമന്‍റെ ഭാഗത്ത് നിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകളാണ് സൗദിയെ ലക്ഷ്യമിട്ട് വിക്ഷേപിച്ചത്. എന്നാല്‍ മിസൈലുകളെല്ലാം സൗദി വ്യോമസേന തടഞ്ഞതായാണ് റിപ്പോര്‍ട്ട്. 

എണ്ണ കമ്പനികളെ ലക്ഷ്യമിട്ട ആക്രമണം

യെമന്‍ തലസ്ഥാനമായ സനായില്‍ നിന്നാണ് മിസൈലുകള്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം വെള്ളിയാഴ്‍ച രാവിലെയാണ് ആക്രണമുണ്ടായത്. സൗദിയിലെ യന്‍ബു നഗരത്തിലെ എണ്ണ കമ്പനികളെയാണ് മിസൈല‍ുകള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. മിസൈലുകള്‍ സൗദി സൈന്യം തടഞ്ഞുവെന്നതല്ലാതെ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

പിന്നില്‍ ഹൂതികള്‍

ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു. മിസൈല്‍ ആക്രമണത്തിന്‍റേതെന്ന രീതിയില്‍ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. നഗരങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിടന്ന രീതിയിലാണ് ആക്രമണം നടന്നതെന്ന് റോയല്‍ സൗദി എയര്‍ഫോഴ്‍സ് വിശദീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതാണ് ആക്രമണമെന്നും സൗദി പറയുന്നത്.

ഇറാന്‍ ഭീഷണിയും യുഎസ് ആയുധങ്ങളും

തുടരുന്ന ഇറാന്‍ ഭീഷണിയെക്കുറിച്ചും സൗദി സൈന്യത്തിന് നല്‍കുന്ന യുഎസ് ആയുധങ്ങളുടെ ശക്തിയെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ സൗദിയിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമാണ് യുഎസിന്‍റേതെന്ന് പൊംപെയോ പറഞ്ഞു. എന്നാല്‍ എത്ര മികച്ച സംവിധാനവും ചിലപ്പോള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസും പൊംപെയോ സന്ദര്‍ശിച്ചിരുന്നു. 

തുടരുന്ന ഹൂതി ഭീഷണി

അഞ്ചു വര്‍ഷമായി സൗദി അറേബ്യ ഹൂതി വിമതരുടെ ഭീഷണി നേരിടുകയാണ്. യെമനിലെ വിമത സംഘടനയായ ഹൂതികള്‍ക്ക് ഇറാന്‍റെ പിന്തുണയുണ്ട്. 2015 മുതല്‍ നിരവധി ആക്രമണങ്ങളാണ് സൗദിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ഹൂതികള്‍ നടത്തിയത്. യെമനില്‍ പ്രസിഡന്‍റ് അബ്‍ദുറബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കി തലസ്ഥാനമായ സനായുടെ നിയന്ത്രണമേറ്റെടുത്തതോടെയാണ് ഹൂതികള്‍ മേഖലയിലാകെ വലിയ ഭീഷണിയായത്. 

എല്ലാത്തിനും പിന്നില്‍ ഇറാന്‍

ഹൂതികളുടെ കരുത്ത് ഇറാനാണെന്നാണ് ആദ്യകാലം മുതല്‍ തന്നെ സൗദി അറേബ്യയും അമേരിക്കയും ആരോപിക്കുന്നത്. സൗദിയുടെ മണ്ണിലും ഹൂതികള്‍ വന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2019 സെപ്റ്റംബറില്‍ സൗദിയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ രണ്ട് കേന്ദ്രങ്ങളിലേക്കാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് അരാംകോ എറെ നാള്‍ ഉത്പാദനം നിര്‍ത്തിവെച്ചു. ഇത് സൗദിയുടെ സാമ്പത്തികരംഗത്തെ തന്നെ ബാധിച്ചു. ഹൂതികള്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദിയും യുഎസും ആരോപിച്ചത്.  

Post a Comment

0 Comments