ഡൽഹി സംഘർഷം: മരണം ഏഴായി; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം, അമിത് ഷായും അരവിന്ദ് കെജരിവാളും ചർച്ച നടത്തി

ഡൽഹി സംഘർഷം: മരണം ഏഴായി; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം, അമിത് ഷായും അരവിന്ദ് കെജരിവാളും ചർച്ച നടത്തി



ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത തല യോഗം വിളിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും യോഗത്തിൽ പങ്കെടുത്തു.രാഷ്ട്രീയ പാർട്ടി നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിരുന്നു. പാർലമെന്റ് നോർത്ത് ബ്ലോക്കിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച യോഗം ഏകദേശം ഒരു മണിക്കൂര്‍ നീണ്ടു.

ഇതിനിടെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്നും ചിലയിടങ്ങളിൽ കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഏത് പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിയും രംഗത്തെത്തി. 'അമേരിക്കൻ പ്രസിഡന്റ് ഇന്ന് ഡൽഹിയിലുണ്ട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സാധിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളോയും ബഹുമാനത്തോടെ ഞാൻ അപേക്ഷിക്കുകയാണ്'- കിഷൻ റെഡ്ഡി പറഞ്ഞു.

ഏറ്റുമുട്ടലിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരി എ.സി.പി. ഓഫീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലും (42) നാട്ടുകാരനായ ഫർഖൻ അൻസാരിയും (32) ഉൾപ്പെടെ ഏഴു പേരാണ് കൊല്ലപ്പെട്ടത്. ശാഹ്ദ്ര ഡി.സി.പി. അമിത് ശർമയുൾപ്പെടെ 50ഓളം പേർക്കു പരിക്കേറ്റു. സംഘർഷത്തെതുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ട്രംപിന്റെ സന്ദർശനം തുടരുന്നതിനിടെയാണ് തലസ്ഥാനത്ത് സംഘർഷം ഉണ്ടായത്. ഡൽഹിയിലാണ് ട്രംപിന്റെ ഇന്നത്തെ പരിപാടികൾ. രാഷ്ട്രപതി ഭവനിലാണ് ആദ്യ പരിപാടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നിൽ അദ്ദേഹവും കുടുംബവും പങ്കെടുക്കും. പിന്നീട് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡൽഹിയിലെ വടക്കു കിഴക്കൻ ജില്ലയായ മൗജ്പൂർ മേഖലയിൽ ഞായറാഴ്ച രാവിലെ പത്തു മണിക്കാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇരുഗ്രൂപ്പുകളും പരസ്പരം കല്ലേറു നടത്തുകയായിരുന്നു. പെട്ടെന്നു തന്നെ അക്രമം ജാഫറാബാദുമായി മൗജ്പൂരിനെ ബന്ധിപ്പിക്കുന്ന റോഡിലെത്തി. ഈ റോഡിലൂടെയാണ് ഡൽഹി മെട്രോയുടെ എലവേറ്റഡ് പാത പോകുന്നത്.

Post a Comment

0 Comments