മൂന്നു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഇന്ത്യയും യു.എസും; സുപ്രധാന കരാറുകളില്ല
Tuesday, February 25, 2020
ന്യൂഡല്‍ഹി: ഇന്ത്യയുമായി സമഗ്ര വ്യാപാരക്കരാറിനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇസ്‌ലാമിക ഭീകരവാദത്തില്‍ നിന്ന് സ്വന്തം പൗരന്മാരെ സംരക്ഷിക്കാന്‍ ഇരുരാഷ്ട്രങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇരുവരും ഒന്നിച്ച് മാദ്ധ്യമങ്ങളെ കണ്ടത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ കരാര്‍ ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
> ഒപ്പിട്ടത് മൂന്ന് കരാറുകള്‍
മൂന്ന് ധാരണാപത്രങ്ങളിലാണ് ഇരുരാഷ്ട്രങ്ങളും ഒപ്പിട്ടത് ദേശീയ മാദ്ധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 1- മാനസിക ആരോഗ്യ വിഷയത്തിലുള്ള ധാരണാപത്രം 2- ആരോഗ്യസുരക്ഷാ ഉല്‍പ്പനങ്ങളിലുള്ള ധാരണാ പത്രം 3- ഊര്‍ജ്ജ സഹകരമം- ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും എക്‌സോണും തമ്മിലുള്ള സഹകരണം-
ഇതിന് പുറമേ, യു.എസില്‍ നിന്ന് അപാഷെ, എം.എച്ച് 60 റോമിയോ ഹെലികോപ്ടറുകളും ഇന്ത്യ വാങ്ങും. മൂന്ന് ബില്യണ്‍ യു.എസ് ഡോളറിന്റെ കരാറാണിത്.
ഇന്ന് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ട്രംപ് ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ചക്കെത്തിയത്.
0 Comments