നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് ബാന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടി: കാസര്‍ഗോഡ് കളക്ടര്‍

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് ബാന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടി: കാസര്‍ഗോഡ് കളക്ടര്‍


കാസർകോട്: നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. ജില്ലയില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം 20 മിനിറ്റ് മാത്രം ഒരുമിച്ച് യാത്രചെയ്തയാള്‍ക്ക് പോലും കൊവിഡ് 19 സ്ഥിരീകരിച്ചു. അതുകൊണ്ട് തന്നെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ നിരവധിയുള്ള ജില്ലയാണ് കാസര്‍ഗോഡ്. നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും ചിലര്‍ക്ക് മാത്രം ഇത് മനസിലാകുന്നില്ല. ഇത്തരം ആളുകള്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കും. വിദേശത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അവര്‍ ഇനി ഗള്‍ഫ് കാണാത്ത തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണമാണ് ആവശ്യം. വാര്‍ഡ് തലത്തിലുള്ള കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്. എല്ലാ പഞ്ചായത്തുകളിലും ഐസൊലേഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.