റിയാദ്; സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ കർഫ്യൂ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചാൽ പതിനായിരം റിയാൽ പിഴയും തടവ് ശിക്ഷയും ലഭിക്കും. ഭരണാധികാരി സൽമാൻ രാജാവിൻറെ ഉത്തരവ് നടപ്പിലാക്കാൻ സായുധസേന തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
അതിനിടെ നിയമം ലംഘിച്ച പ്രവാസി തൊഴിലാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ സൗദി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഷോപ്പിങ്ങ് ട്രോളിയിൽ മനപ്പൂർവ്വം തുപ്പി എന്ന് ആരോപിച്ചാണ് കൊവിഡ് ബാധിതനെതിരെ രാജ്യം നടപടിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് ബാധിച്ച പ്രവാസിയേയും ഇദ്ദേഹത്തിന് ഒപ്പമുള്ള രണ്ട് പേരെയും വടക്ക്-പടിഞ്ഞാറൻ സൗദിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊവിഡ് ബാധിതനാണെന്ന് അറിഞ്ഞിട്ടും മനപ്പൂർവ്വം ട്രോളിയിൽ തുപ്പുകയായിരുന്നുവെന്നാണ് ആരോപണം.
അല്‍ ബാഹയിലെ ബാല്‍ജുറാഷി ഗവര്‍ണറേറ്റിലുള്ള ഒരു സ്റ്റോറിൽ വെച്ചായിരുന്നു സംഭവം. പ്രവാസിയുടെ പ്രവൃത്തി മതപരമായും നിയമപരമായും തെറ്റായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ആളുകളെ മനപ്പൂർവ്വം പരിഭ്രാന്തിലാഴ്ത്താനും രോഗം പടർത്താനും ലക്ഷ്യം വെച്ചുള്ളതാണ് ഇയാളുടെ നടപടിയെന്നാണ് ആരോപിക്കപ്പെടുന്നത്.
ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ സാധ്യതയുണ്ടെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂഷന്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാൾ മനപ്പൂർവ്വമാണോ തുപ്പിയതെന്ന് അധികൃതർ പരിശോധിക്കുകയാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
സൗദിയില്‍ ഇതുവരെ മൂന്ന് പേരാണ് കൊവിഡ് മൂലം മരിച്ചത്. 1104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായ കര്‍ഫ്യൂവും കര്‍ശന നിയന്ത്രണങ്ങളുമാണ് സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മക്ക, മദീന, റിയാദ്, എന്നീ നഗരങ്ങളിൽ വൈകീട്ട് മൂന്ന് ശേഷം പുറത്ത് ഇറങ്ങാൻ പാടില്ലെന്നാണ് ഉത്തരവ്.
മറ്റിടങ്ങളിൽ വൈകീട്ട് ഏഴിന് ശേഷവും പുറത്തിറങ്ങരുത്. വെള്ളിയാഴ്ച മാത്രം 92 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. പുതിയ കേസുകള്‍ കൂടുതൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റിയാദിലാണ്. 46 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മദീനയില്‍ 19 ഉം ഖത്വീഫില്‍ 10 ഉം ജിദ്ദയില്‍ 7 ഉം ദമാമില്‍ 4 ഉം ദഹ്‌റാനിലും ബുറൈദയിലും രണ്ട് വീതവും അല്‍ഖോബാറിലും ഹൊഫൂഫിലും ഒരോന്ന് വീതവുമാണ് റിപ്പോർട്ട് ചെയ്തത്.