തിരുവനന്തപുരം: കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും ഖത്തറിൽ നിന്ന് വന്നയാൾ തൃശൂർ ജനറൽ ആശുപത്രിയിലും ചികിത്‌സയിലാണ്.
ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ വ്യക്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്. ഈ വ്യക്തി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ കണ്ടെത്തി വീട്ടിൽ നിരീക്ഷണത്തിലാക്കിയിരുന്നു. കുളിക്കുമ്പോൾ പനി ലക്ഷണം തോന്നിയതോടെ ദിശ നമ്പറിൽ വിളിച്ചറിയിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിൽ 4180 പേർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 65 പേരെ ആശുപത്രിയിൽ പുതിയതായി നിരീക്ഷണത്തിലാക്കി. 33 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഇപ്പോൾ പ്രതിരോധ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ഗൗരവത്തോടെ കാര്യങ്ങൾ ശ്രദ്ധിച്ചു പോകേണ്ടതുണ്ട്. ലീവിലുള്ള സെക്രട്ടറിമാർ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈറസ് വ്യാപനം ഫലപ്രദമായി തടയാനായിട്ടുണ്ട്. എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്ന് തെറ്റായ ഇടപെടൽ നടക്കുന്നു. ആലപ്പുഴയിൽ ഒരു റിസോർട്ടിൽ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളെ ഇറക്കി വിടാൻ ശ്രമമുണ്ടായി. ഇത്തരം ദുരനുഭവം ടൂറിസ്റ്റുകൾക്ക് ഉണ്ടാകരുത്. നാടിന് ദുഷ്‌പ്പേരുണ്ടാക്കുന്ന നിലപാട് ചിലർ സ്വീകരിക്കുന്നത് സർക്കാർ ഗൗരവമായി കാണും. പ്രായമായവരിൽ രോഗം പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആശാവർക്കർമാർ, മറ്റു വോളണ്ടിയർമാർ എന്നിവരെ ഉപയോഗിച്ച് വയോജന സംരക്ഷണത്തിന് പ്രത്യേക പരിപാടികൾ നടത്തും. വയോജന കേന്ദ്രങ്ങളിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
0 Comments