
കാഞ്ഞങ്ങാട് :കൊറോണ വ്യാപനത്തിനെതിരെ പുലർത്തേണ്ട ജാഗ്രതയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ മത സാമൂഹ്യ സ്ഥാപനങ്ങളും സംഘടനകളും കുടുംബങ്ങളും പരിപൂർണ്ണമായും പാലിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത് കമ്മിറ്റി ആഹ്വാനം ചെയ്തു. കൊറോണ ലോകത്തെ ആകെ ഭീതിയിലാഴ്ത്തി അനുദിനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായി മാറിയിരിക്കുകയാണ്. സഹവാസത്തിലൂടെ പകരുന്ന രോഗമായി കൊറോണ മനസിലാക്കപ്പെടുമ്പോൾ മനുഷ്യർ പരസ്പരം സഹവസിക്കാനും ഇടപഴുകാനുമുള്ള സാധ്യതകൾ പരമാവധി ക്രമീകരിച്ചും ലഘൂകരിച്ചുകൊണ്ടും മാത്രമേ ഇതിന്റെ പകർച്ച പ്രതിരോധിക്കാൻ സാധിക്കൂ എന്നാണ് ആരോഗ്യ രംഗത്തുള്ളവർ വിശദീകരിക്കുന്നത്. അക്കാരണം കൊണ്ടു തന്നെയാണ് സ്കൂളുകൾക്കും അതുപോലുള്ള സ്ഥാപനങ്ങൾക്കുമെല്ലാം അവധി നൽകുകയും ജനങ്ങൾ കൂട്ടം കൂടാൻ ഇടയുള്ള പരിപാടികൾ പൂർണ്ണമായി ഒഴിവാക്കാൻ വേണ്ടി ആരോഗ്യ വിഭാഗം നിർദേശിക്കുകയും ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ മതപരമായ ആഘോഷങ്ങളും മതപരവും സാമൂഹികവും കുടുംബപരവുമായ എല്ലാ ആഘോഷങ്ങളും പരമാവധി ജന പങ്കാളിത്തം കുറച്ചു കൊണ്ട് ക്രമീകരിക്കാൻ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികളും അതുപോലെ എല്ലാ കുടുംബ നാഥൻമാരും കുടുംബങ്ങളും മുന്നോട്ടു വരേണ്ടതുണ്ട് .സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും വിവാഹം പോലുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നിട്ടില്ല എന്ന് ചില മേഖല കളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സന്ദർഭത്തിൽ ഒരു വലിയ ആൾക്കൂട്ടം ഉണ്ടാകുകയും ആ ആൾകൂട്ടത്തിൽ ആർകെങ്കിലും ഒന്നോ രണ്ടോ പേർക്ക് കൊറോണയുണ്ടാകുകയും ചെയ്യുന്ന സാഹചര്യ മുണ്ടായാൽ അത് ആ സംഗമങ്ങളിൽ കൂടുന്ന ആയിരങ്ങളെ നിരീക്ഷണത്തിൽ വെക്കാനും അവർ ഇടപഴകിയിട്ടുള്ള പതിനായിരങ്ങളെ നിരീക്ഷണത്തിലേക്ക് എത്തിക്കാനും ഒരു വലിയ സാമൂഹ്യ ദുരന്തമായി നമുക്ക് പിടിച്ചുകെട്ടാൻ കഴിയാത്ത, നിയന്ത്രിക്കാൻ കഴിയാത്ത ഒരു വലിയ സാമൂഹിക പ്രശ്നമായി വളർന്നു വരുമെന്നതും എല്ലാവരും മനസിലാക്കിയിട്ടുള്ളതാ ണ്. അത്കൊണ്ട് സർക്കാരിന്റെ ജീവാരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പരിപൂർണമായും പാലിക്കണമെന്ന് നേരത്തെ തന്നെ നമ്മുടെ ഖാസിയും സമസ്ത പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തിട്ടുള്ളതാണ്. തങ്ങളുടെ കൂടി ആഹ്വാനം പരിഗണിച്ചുകൊണ്ട് ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഇതിനാൽ അറിയിക്കുന്നു. മസ്ജിദുകളിൽ നമസ്കാരത്തിന് വരുന്ന സഹോദരന്മാർ അവർ വീടുകളിൽ നിന്നു തന്നെ അംഗസ്നാനം ചെയ്ത് ശുദ്ധി വരുത്തി വരുന്നതായിരിക്കും ഉചിതം. പള്ളിയിൽ എല്ലാവർക്കും ഉപയോഗിക്കുന്ന ഹൗളുകൾ പൂർണമായി ജലം മുക്തമാക്കി വെക്കുകയും ടേപ്പുകൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുകയും, പള്ളികളിൽ നടക്കുന്ന അനുഷ്ടാനങ്ങളും പ്രാർത്ഥനകളുമുൾപ്പെടെ പരമാവധി സമയം കുറച്ചുകൊണ്ട് ക്രമീകരിക്കാനുള്ള സംവിധാനമുണ്ടാക്കുകയും വേണമെന്നും കമ്മിറ്റി പ്രസ്താവനയിൽ തുടർന്നു പറഞ്ഞു.