ഷിഫാന നാട്ടിലെത്തി: താന്‍ സഞ്ചരിച്ച വിമാനത്തിൽ ഭർത്താവിന്റെ മൃതദേഹവും ഉണ്ടായിരുന്നെന്നറിയാതെ

LATEST UPDATES

6/recent/ticker-posts

ഷിഫാന നാട്ടിലെത്തി: താന്‍ സഞ്ചരിച്ച വിമാനത്തിൽ ഭർത്താവിന്റെ മൃതദേഹവും ഉണ്ടായിരുന്നെന്നറിയാതെ



കണ്ണൂർ: മസ്കറ്റിൽ നിന്ന് ഷിഫാന വിമാനം കയറിയത് തനിച്ചായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്റെ മൃതദേഹവും അടങ്ങിയ പെട്ടിയും താൻ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നത്. മസ്കറ്റിൽ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് സഹീറിന്‍റെ ഭാര്യയാണ് ഷിഫാന. രണ്ട് ദിവസം മുമ്പാണ് കളിക്കിടെ സഹീർ ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദായാഘാതമായിരുന്നു മരണകാരണം.

എന്നാൽ ഭർത്താവ് മരിച്ച വിവരം അവിടെയുള്ള സുഹൃത്തുക്കൾ ഷിഫാനയെ അറിയിച്ചിരുന്നില്ല. കൊറോണ ലക്ഷണങ്ങളെ തുടർവ്വ് സഹീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നുമാണ് ഇവർ അറിയിച്ചത്. സഹീറിനെ ആശുപത്രിയിലെത്തി കാണുക പ്രയാസമാകുമെന്ന് അറിയിച്ച സുഹൃത്തുക്കൾ നിർബന്ധിച്ച് ഷിഫാനയെ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ഭർത്താവില്ലാതെ ഏറെ പ്രയാസപ്പെട്ടാണ് ഷിഫാന നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. മൂന്നുമാസം ഗർഭിണി കൂടിയാണ് ഷിഫാന.

മസ്കറ്റ്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മടക്കയാത്രയ്ക്കുള്ള ടിക്കറ്റും സുഹൃത്തുക്കൾ തന്നെ എടുത്തു നൽകി. ഇതേ വിമാനത്തിൽ തന്നെയായിരുന്നു സഹീറിന്റെ മൃതദേഹവും ഇവർ കയറ്റിയത്. ഭർത്താവിന്റെ മരണവിവരവും മൃതദേഹം തനിക്കൊപ്പം അതേ വിമാനത്തിൽ തന്നെയുണ്ട് എന്ന വിവരവും അറിയാതെ  ഷിഫാന നാട്ടിലെത്തി.

എയർപോർട്ടിൽ വച്ചും വിവരങ്ങളൊന്നും ഷിഫാനയെ അറിയിക്കാതെയിരിക്കാൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. വീട്ടിലെത്തിയ ശേഷം മാത്രമാണ് യുവതി വിവരങ്ങൾ അറിയുന്നത്. ആറുമാസം മുമ്പായിരുന്നു സഹീറിന്റെയും ഷിഫാനയുടെയും വിവാഹം. സീബിലെ മജാന്‍ ഫ്യൂച്ചര്‍ മോഡേണ്‍ എല്‍.എല്‍.സി ജീവനക്കാരനായിരുന്നു സഹീർ. ആറു വര്‍ഷമായി മസ്കറ്റിലെ ഒമാനിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസം മുമ്പാണ് നിസ്വയിലേക്ക് സ്ഥലം മാറിയെത്തിയത്.